![](/wp-content/uploads/2020/11/18as8.jpg)
കൊച്ചി: മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്ന ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ വരികളാണ് കെ ടി ജലീല്‍ ചൊല്ലിയത്. താങ്കള്‍ ഉടന്‍ അറസ്റ്റിലാകുമെന്നായിരുന്നു ലീഗ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് അവരുടെ പ്രധാന നേതാവാണല്ലോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു ജലീലിന്റെ മറുപടി. ഇതിന് പിന്നാലെയാണ് അദ്ദേഹം കവിത ചൊല്ലിയത്.
നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗവും നരകവും തീര്‍ക്കുന്നത് എന്നതാണ് ഈ വരികളുടെ അര്‍ഥം.
പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അറസ്റ്റ്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരിക്കും ഇബ്രാഹിംകുഞ്ഞിനെ എപ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് തീരുമാനിക്കുക.
അതേസമയം അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് എന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
Post Your Comments