ദില്ലി : ഇന്ത്യയില്‍ ഇന്നലെ 29,164 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നാലുമാസത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസം 30,000 ത്തില്‍ താഴെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ, രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 88,74,291 ആയി, ഇതില്‍ 4,53,401 സജീവ കേസുകളും 82,90,371 രോഗമുക്തരും ഉള്‍പ്പെടുന്നു. 449 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 1,30,519 ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ നിലവില്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. 85,363 കേസുകള്‍ അവിടെ ഉള്ളത്. തൊട്ടുപിന്നില്‍ 71,046 കേസുകളുമായി കേരളവും 40,128 കേസുകളുമായി ദില്ലിയും ആണ് ഉള്ളത്. ഇന്ത്യ ഒരു ദിവസം 50,000 കേസുകളില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്ന പത്താം ദിവസമാണിത്. നവംബര്‍ 7 നാണ് അവസാനമായി പുതിയ കേസുകള്‍ 50,000 പരിധി മറികടന്നത്
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കുകള്‍ പ്രകാരം നവംബര്‍ 16 ന് കോവിഡ് -19 നുള്ള 8,44,382 സാമ്പിളുകള്‍ പരീക്ഷിച്ചു. കൊറോണ വൈറസ് രോഗമുക്തി നിരക്ക് 93.27 ശതമാനമായി ഉയര്‍ന്നതായി തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments