ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.
പമ്പയിലെ പിതൃതര്‍പ്പണം :
ശബരിമല യാത്രയില്‍ പിതൃക്കളെ മറക്കരുത്. പമ്പയിലെ പുണ്യസ്‌നാനം കഴിഞ്ഞ് പമ്പാ ത്രിവേണിയില്‍ ബലിയിടാം. ബലിത്തറയും കര്‍മികളും സീസണ്‍ മുഴുവന്‍ അവിടെ ഉണ്ടാവും രാപക മറവപ്പടയുമായുണ്ടായ യുദ്ധത്തില്‍ മരിച്ച സ്വന്തം സേനാംഗങ്ങള്‍ക്ക് ശബരിമല അയ്യപ്പന്‍ ത്രിവേണിയില്‍ ബലിയിട്ടുവെന്നാണ് ഐതിഹ്യം. അതിന്റെ സ്മരണ പുതുക്കലാണ് പമ്പയിലെ പിതൃതര്‍പ്പണം.
മുദ്രാധാരണം :
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്. ഏതു ദിവസവും മാലയിടാം. എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം. മാലയിടുമ്പോള്‍ ഗുരു മന്ത്രം ചൊല്ലിക്കൊടുക്കണം. മന്ത്രം ഇതാണ്
‘ജ്ഞാനമുദ്രാം ശാസ്ത്രമുദ്രാം ഗുരുമുദ്രാം നമാമ്യഹം വനമുദ്രാം ശുദ്ധമുദ്രാം
രുദ്രമുദ്രാം നമാമ്യഹം ശാന്മുദ്രാം സത്യമുദ്രാം വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേന മുദ്രാംപാതു സദാപിമേം ഗുരുദക്ഷിണയാപൂര്‍വ്വം
തസ്യാനുഗ്രഹകാരണേ ശരണാഗതമുദ്രാഖ്യാം തന്മുദ്രം ധാരയാമ്യഹം
ശബര്യാചല മുദ്രായൈ നമസ്തുഭ്യം നമോ നമഃ’
സ്വാമി ശരണം… അയ്യപ്പ ശരണം…
‘സ്വാമി ശരണം എന്ന പ്രാര്‍ഥനാ നിര്‍ഭരമായ മുദ്രാവാക്യം ധര്‍മ്മശാസ്താവിന്റെ ആരാധനക്ക് കീര്‍ത്തിതമാണെന്നും ഋഷിമാരും ഗുരുക്കന്മാരും നിര്‍ദ്ദേശിച്ചതാണെന്നുമാണ് വിശ്വാസം.
‘ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമിശരണമിത്യേവം മുദ്രാവാക്യം പ്രകീര്‍ത്തനം’ ഇതാണ് സ്വാമിമന്ത്രത്തിന്റെ പൊരുള്‍. കാട്ടിലൂടെയും മലയിലൂടെയും ശരണംവിളിച്ച് നടക്കുന്നത് ഭക്തന് അനിര്‍വചനീയമായ സന്തോഷവും ഊര്‍ജ്ജവും നല്കുന്നു. മലകറ്റം ആയാസമില്ലാത്തതുമാക്കുന്നു. ഉച്ചത്തില്‍ ശരണംവിളിച്ച് കൂടുതല്‍ വായു ഉള്ളിലേക്ക് വലിച്ചുകയറ്റുന്നതു വലിയ ഉന്മേഷമുണ്ടാക്കും. മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കുവരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും.കൂട്ടത്തോടെ ശരണംവിളിക്കുന്നതുകൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദപ്രപഞ്ചം സംഭവിക്കുകയും ചെയ്യും. അത് നാദബ്രഹ്മത്തിലുണ്ടാക്കുന്ന ചലനം സവിശേഷമായിട്ടുള്ളതാണ്.
ശരണത്തിലെ ‘ശ’ എന്ന അക്ഷരം ശത്രുശക്തികളെ ഇല്ലാതാക്കുന്നുവെന്ന് പ്രമാണം. ‘ര’ അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു. ‘ണ’ ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ടചിന്തകളേയും അകറ്റുന്നു.
ശബരീശന് വഴിപാടുകള്‍ :
ഭക്തന്റെ നിലയ്ക്കനുസരിച്ച് അയ്യപ്പഭഗവാന് പലതരം വഴിപാടുകള്‍ നടത്താം. കേവലം ചടങ്ങായല്ല, ഭക്തിപുരസ്സരമാകണം വഴിപാടുകള്‍ നടത്തേണ്ടത്. ഭക്തന്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ഉപയോഗ്യമല്ലാത്തതും നിഷിദ്ധമായിട്ടുള്ളതുമായ സാധനങ്ങള്‍ വഴിപാട് അര്‍പ്പിക്കാന്‍ പാടില്ല. പായസനിവേദ്യം, ത്രിമധുരം, വെള്ളനിവേദ്യം, പഞ്ചാമൃതം, അപ്പം, ഇളനീര്‍, താംബൂലം, നെയ്യഭിഷേകം, നെയ്‌വിളക്ക്, കര്‍പ്പൂരദീപം, പുഷ്പാഞ്ജലി, ചന്ദനം ചാര്‍ത്തല്‍, പനിനീര്‍ അഭിഷേകം തുടങ്ങിയവ പ്രധാന വഴിപാടുകളാണ്. ലോഹപ്രതിമകള്‍, പട്ട്, നാണയം, രത്‌നം തുടങ്ങിയവ കാണിക്കയായി സമര്‍പ്പിക്കാം. രത്‌നഹാരം, കനകഹാരം, പുഷ്പഹാരം എന്നിവ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ശയനപ്രദക്ഷിണം നടത്തുന്നതും പ്രധാന വഴിപാടുകള്‍തന്നെ. സ്തുതിഗീതാലാപനവും വെടിവഴിപാടും അയ്യന് പ്രിയങ്കരങ്ങളാണ്.
വ്രതം അവസാനിപ്പിക്കുമ്പോള്‍ :
ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ വ്രതം അവസാനിപ്പിക്കണം. മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്. ദര്‍ശനം കഴിഞ്ഞുവരുന്ന തീര്‍ഥാടകന്‍, വിളക്ക് കണ്ടേ വീട്ടില്‍തിരിച്ചുകയറാവൂ എന്നാണ് പ്രമാണം. അതായത് അയ്യപ്പദര്‍ശനത്തിന് പോയ ആള്‍ തിരിച്ചു വീട്ടിലെത്തുന്നത് സന്ധ്യയോടെയേ ആകാവൂ. അയ്യപ്പന്‍ തിരിച്ചെത്തുമ്പോള്‍ കുടുംബാംഗങ്ങള്‍ പൂമുഖത്ത് നിലവിളക്ക് കൊളുത്തിവച്ച്് ശരണം വിളിയോടെ എതിരേല്ക്കണം. പൂജാമുറിയില്‍ കെട്ട് താങ്ങിയാല്‍ ശരീരശുദ്ധിവരുത്തി വീണ്ടും ശരണം വിളിക്കണം.
മാലയൂരുന്നതിന് മന്ത്രമുണ്ട്. അത് ഇതാണ്
‘അപൂര്‍വ്വ മചലാരോഹ ദിവ്യദര്‍ശന കാരണ
ശാസ്തൃമുദ്രാത്വകാദേവ ദേഹിമേ വ്രത മോചനം’ … ഈ മന്ത്രം ജപിച്ച്, ശരണം വിളിയോടെ തേങ്ങയുടച്ച് വ്രതമോചനം വരുത്തണം.
ഗുരുദക്ഷിണ എട്ടുതവണ :
സ്വയം കെട്ടുനിറച്ച്, കെട്ടുതാങ്ങി മലചവിട്ടാന്‍ പാടില്ലെന്നാണ്
വിശ്വാസം. ഗുരുസ്വാമിയുടെ കാര്‍മ്മികത്വത്തിലായിരിക്കണം അത്.ഓരോ സംഘത്തിനും ഒരു ഗുരുസ്വാമി ഉണ്ടാകണം. ഗുരുസ്വാമിക്ക് എട്ടുതവണയാണ് ദക്ഷിണ നല്‍കേണ്ടത്. പണം നല്‍കുന്നുവെന്ന സങ്കല്പത്തിലല്ല ദക്ഷിണ നല്‍കേണ്ടത്. വാങ്ങുന്നതും അങ്ങനെയാകാന്‍ പാടില്ല. ദക്ഷിണ നല്‍കേണ്ടത് താഴെ പറയുന്ന സമയങ്ങളിലാണ് 1. മാലയിടുമ്പോള്‍ 2.കറുപ്പുകച്ച കെട്ടുമ്പോള്‍ 3. എരുമേലിയില്‍ പേട്ടക്കളത്തില്‍ 4. വനയാത്ര തുടങ്ങുമ്പോള്‍ 5. അഴുതയില്‍ മുങ്ങിയെടുത്ത കല്ല് ഗുരുവിന് സമര്‍പ്പിച്ച് അത് തിരികെ വാങ്ങുമ്പോള്‍ 6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍ 7. ദര്‍ശനംകഴിഞ്ഞ് പതിനെട്ടാം പടിയിറങ്ങി കെട്ട് താങ്ങുമ്പോള്‍ 8. വീട്ടിലെത്തി മാലയൂരുമ്പോള്‍ ഗുരുദക്ഷിണക്ക് വെറ്റിലയും അടയ്ക്കയും യഥാശക്തി പണവും ആകാം. കൊടുക്കുന്നത് ഭക്തിയോടും വാങ്ങുന്നത് തൃപ്തിയോടും ആകണം.
Post Your Comments