ന്യൂഡല്‍ഹി : ലോകം മുഴുവന്‍ ഭീതി വിതച്ച് ലക്ഷകണക്കിനാളുകളുടെ ജീവനെടുത്ത് മരണതാണ്ഡവമാടിയ കൊറോണ വൈറസ് ഭൂമിയില്‍ പ്രത്യക്ഷമായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. 2019 നവംബര്‍ 17നാണ് ചൈനയിലെ ഹുബേ പ്രാവിശ്യയില്‍ കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഭരണകൂടം തയ്യാറായില്ല. ചൈനയില്‍ അജ്ഞാത രോഗം ബാധിച്ച് ആളുകള്‍ മരിക്കുന്നു എന്ന് മാത്രമാക്കി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടു. എന്നാല്‍ ദിവസങ്ങള്‍ക്ക് കഴിയും തോറും വൈറസ് ലോകത്തേക്ക് പടരുകയായിരുന്നു.
സാര്‍സിന് സമാനമായ ഒരു വൈറസ് രോഗത്തെയാണ് ചൈന ആദ്യഘട്ടത്തില്‍ മറച്ചുവച്ചത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇടപെട്ടതോടെ ഡിസംബറില്‍ രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒരു മാസം പിന്നിടുമ്പോഴേക്കും ചൈനയിലെ വുഹാന്‍ നഗരം കൊറോണ വൈറസ് രോഗികളുടെ കേന്ദ്രമായിരുന്നു. ജനുവരിയിലാണ് ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ കൊവിഡ് 19 എന്ന പേര് നല്‍കുന്നത്. ലോകത്ത് പല രാജ്യങ്ങളും വൈറസിനെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും രോഗം പടരുന്നതില്‍ ഒരു കുറവും സംഭവിച്ചില്ല.
അതേസമയം, ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തിലാണെന്നത് സംസ്ഥാനത്ത് ഭീതി വര്‍ദ്ധിപ്പിച്ചു. ചൈനയില്‍ നിന്നും തൃശൂരിലെത്തിയ വിദ്യാര്‍ത്ഥിക്കായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തില്‍ തന്നെ കേരളം അതിനെ പൊരുതിത്തോല്‍പ്പിച്ചെങ്കിലും പിന്നീട് ഇന്ത്യയില്‍ വീണ്ടും കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. മാര്‍ച്ച് മാസത്തോടെ വിരലില്‍ എണ്ണാവുന്ന കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും പിന്നീടങ്ങോട്ട് രോഗം പടര്‍ന്നു പന്തലിക്കുകയായിരുന്നു. മരണ സംഖ്യയും ദിവസേന ഇന്ത്യയില്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി.
ക്വാറന്റീന്‍, ഐസലേഷന്‍, കണ്ടെയ്ന്‍മെന്റ് എന്നിങ്ങനെ പരിചയമില്ലാത്ത വാക്കുകളും സാഹചര്യങ്ങളും മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിച്ചത്. മാസ്‌ക് ധരിക്കലും സാമൂഹ്യ അകലം പാലിക്കലും എല്ലാവരും ദിനചര്യയാക്കി മാറ്റി.
ഇന്നും ലോകം കൊവിഡ് വൈറസിനെ നേരിടുകയാണ്. ഒരു വാക്സിന്‍ കണ്ടെത്താതെ വൈറസിനെ തുടച്ചുനീക്കാന്‍ സാധിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ വാക്സിന്‍ കൊണ്ടുമാത്രം കൊവിഡ് മഹാമാരിക്ക് തടയിിനാകില്ലെന്നാണ് ലോകാരോഗ്യ സംഘടന തലവന്‍ പറയുന്നത്. 5.40 കോടി ജനങ്ങളെ ബാധിക്കുകയും 13 ലക്ഷത്തോളം പേരുടെ ജീവന്‍ കവര്‍ന്നെടുക്കുകയും ചെയ്ത വൈറസിനെ അത്ര എളുപ്പം ഭൂമിയില്‍ നിന്ന് ഇല്ലാതാക്കാന്‍ ആവില്ലെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗബ്രിയോസിസ് പറയുന്നത്.
Post Your Comments