കണ്ണൂർ: ഇസ്ലാം മതം സ്വീകരിക്കാനുള്ള ആലോചനയിലാണെന്ന് വ്യക്തമാക്കി കണ്ണൂർ എടാട്ടെ ദളിത് ഓട്ടോ ഡ്രൈവറായ ചിത്ര ലേഖ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്ര ലേഖ ഇക്കാര്യം അറിയിച്ചത്.സി പി എം എന്ന രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തതു കൊണ്ട് തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് ചിത്ര ലേഖ പോസ്റ്റിൽ പറയുന്നു.
ചിത്ര ലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ് :
‘പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സി പി എം എന്ന ഒരു രാഷ്ട്രീയ പാർട്ടിയുടെ ജാതിവിവേചനത്തിനെ ചോദ്യം ചെയ്തത് കൊണ്ടും തൊഴിൽ ചെയ്തു ജീവിക്കാൻ സമ്മതിക്കാതെ നിരന്തരം അക്രമിക്കുകയും ജനിച്ച നാട്ടിൽ നിന്നും പാലായനം ചെയ്യേണ്ടിയും വന്ന എനിക്ക് അവിടെയും ജീവിക്കാൻ സമ്മതിക്കാതെ സി പി എം പാർട്ടിയുടെ അക്രമങ്ങൾ തുടരുന്നു. ഈ ഭരണകൂടത്തിൽ നിന്നോ കോടതിയിൽ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായിരിക്കുന്നു. ഇക്കാരണത്താൽ ഞാൻ ഇതുവരെ ജീവിച്ചുപോന്ന സ്വത്വം വിട്ട് ഇസ്ലാം സ്വീകരിക്കാനുള്ള ആലോചനയിലാണ്. ഇരുപതു വർഷക്കാലത്തോളം സി പി എമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടി. ഇനിയും പിടിച്ചു നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇങ്ങനൊരു ആലോചന ആഗ്രഹിക്കുന്നത്. ലവ് ജിഹാദ്, പണം എന്ന പേരും പറഞ്ഞു ആരും ഈ വഴിക്കു വരണ്ട. കാരണം പുരോഗമന കപട മതേതര പാർട്ടിയായ സി പി എമ്മിന് മുന്നിൽ ഇനിയും സ്വൈര്യമായി ഇരുട്ടിന്റെ മറ പിടിച്ചു ആക്രമിക്കുന്ന സി പി എമ്മിനെ ഭയമില്ലാതെ തൊഴിൽ ചെയ്തു ജീവിക്കണം. സ്വന്തമായി ഒരു വീട്ടിൽ അന്തിയുറങ്ങണം എന്ന ആഗ്രഹം.’
ഉമ്മൻ ചാണ്ടി സർക്കാരിന്റെ സമയത്ത് ചിത്ര ലേഖയ്ക്ക വീടു വെയ്ക്കാൻ അഞ്ചു സെന്റ് ഭൂമിയും അഞ്ചു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ, വീടുപണി പകുതിയായ സമയത്ത് ഇപ്പോഴത്തെ സർക്കാർ ഇവർക്ക് അനുവദിച്ച സഹായം റദ്ദാക്കി. സഹായം റദ്ദാക്കിയതിന് എതിരെ കളക്ടറേറ്റിനു മുന്നിൽ ചിത്ര ലേഖ സമരം നടത്തിയെങ്കിലും സർക്കാർ തീരുമാനം പുനപരിശോധിക്കാൻ തയ്യാറായില്ല.
Post Your Comments