ന്യൂഡൽഹി : പിഡിപിയും നാഷണൽ കോൺഫറൻസ് പാർട്ടിയും ചേർന്ന് രൂപീകരിച്ച ഗോപ്കർ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിനെ കലാപത്തിന്റെയും, ഭീകരതയുടെയും കാലഘട്ടത്തിലേക്ക് തള്ളിവിടാനാണ് ഗോപ്കർ സഖ്യം ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു.
ഡിഡിസി തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ ട്വിറ്ററിലൂടെയായിരുന്നു സഖ്യത്തെ വിമർശിച്ച് അമിത് ഷാ രംഗത്ത് എത്തിയത്. ഡിഡിസി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗോപ്കറുമായി സഖ്യം ചേർന്ന കോൺഗ്രസിനെയും അദ്ദേഹം ചോദ്യം ചെയ്തു. ജമ്മു കശ്മീരിൽ വിദേശ ശക്തികൾ ഇടപെടണമെന്നാണ് അവരുടെ ആവശ്യം. ഇന്ത്യയുടെ ത്രിവർണ്ണ പതാകയെ സഖ്യം അപമാനിക്കുന്നു. സോണിയ ഗാന്ധിക്കും, രാഹുൽ ഗാന്ധിക്കും ഇത്തരം കാര്യങ്ങൾ പിന്തുണയ്ക്കാൻ കഴിയുമോ. രാജ്യത്തെ ജനങ്ങളോട് നയമെന്തെന്ന് ഇരുവരും വ്യക്തമാക്കണമെന്നും അമിത് ഷാ വ്യക്തമാക്കി.
ജമ്മു കശ്മീരിനെ വീണ്ടും ഭീകരതയുടെയും കലാപത്തിന്റെയും കാലഘട്ടത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസിന്റെയും ഗോപ്കർ സഖ്യത്തിന്റെയും ലക്ഷ്യം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ സ്ത്രീകൾ, വനവാസികൾ , ദളിതർ തുടങ്ങിയവർക്ക് അവരുടേതായ അവകാശങ്ങൾ ലഭിച്ചു. ഇത് തട്ടിയെടുക്കാനാണ് കോൺഗ്രസിന്റെയും ഗോപ്കർ സഖ്യത്തിന്റെയും ശ്രമം. ഇതുകൊണ്ടാണ് എല്ലായിടത്തും ജനങ്ങൾ അവരെ തിരസ്‌കരിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Post Your Comments