തിരുവനന്തപുരം: 36 പാസഞ്ചര്‍, മെമു സര്‍വിസുകളെ എക്സ്പ്രസ് ട്രെയിനുകളാക്കാന്‍ റെയില്‍വേ ബോര്‍ഡിന്റെ അനുമതി. കേരളത്തിലടക്കം ഓടുന്ന പാസഞ്ചര്‍ സര്‍വിസുകള്‍ എക്സ്പ്രസുകളാകുന്നതോടെ ഹ്രസ്വദൂരയാത്ര അവതാളത്തിലാകും.
ചെറുസ്റ്റേഷനുകളുടെ റെയില്‍ കണക്റ്റിവിറ്റി നഷ്ടപ്പെടുമെന്നതിനൊപ്പം യാത്രാചെലവുമേറും. ചെറിയ ദൂരത്തേക്കാണെങ്കിലും എക്സ്പ്രസ് നിരക്കാണ് നല്‍കേണ്ടിവരുക. ഫലത്തില്‍ നിലവിലേതിനെക്കാള്‍ മൂന്ന് – നാല് ഇരട്ടി വരെ ചാര്‍ജ് വര്‍ധിക്കും. പാസഞ്ചര്‍ ട്രെയിനിലെ മിനിമം നിരക്ക് 10 രൂപയാണെങ്കില്‍ എക്സ്പ്രസുകളാകുന്നതോടെ 35-40 രൂപയായി ഉയരും.
പാസഞ്ചറുകള്‍ എക്സ്പ്രസുകളാക്കുന്നത് സംബന്ധിച്ച് ജൂണിലാണ് റെയില്‍വേ ബോര്‍ഡില്‍ ശുപാർശ സമര്‍പ്പിച്ചിരുന്നത്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് നടപടി നീണ്ടെങ്കിലും ഒടുവില്‍ റെയില്‍വേ ബോര്‍ഡ് പച്ചക്കൊടി കാട്ടുകയായിരുന്നു.
നാഗര്‍കോവില്‍-കോട്ടയം, തൃശൂര്‍-കണ്ണൂര്‍, മംഗളൂരു-കോഴിക്കോട്, കോട്ടയം-നിലമ്ബൂര്‍, ഗുരുവായൂര്‍-പുനലൂര്‍, പാലക്കാട് ടൗണ്‍-തിരുച്ചിറപ്പള്ളി പാസഞ്ചറുകള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്റ്റോപ്പുകള്‍ അവസാനിപ്പിക്കുന്നതോടെ ഗ്രാമീണമേഖലയില്‍ നിന്നടക്കം 10-15 കിലോമീറ്റര്‍ വരെ റോഡ് മാര്‍ഗം അധികം സഞ്ചരിച്ചാലേ പ്രധാന സ്റ്റേഷനുകളിലെത്താനാകൂ. ഗ്രാമീണമേഖലയെ ബന്ധിപ്പിച്ചാണ് പാസഞ്ചറുകള്‍ ഓടുന്നത്. ഇവ എക്സ്പ്രസുകളാകുകയും സ്റ്റോപ്പുകളില്ലാതാവുകയും ചെയ്യുന്നതോടെ ഈ ബന്ധം നഷ്ടപ്പെടും. ദൈനംദിന സര്‍വിസുകള്‍ ആരംഭിക്കുന്ന മുറക്ക് പുതിയ ടൈംടേബിള്‍ പ്രകാരമായിരിക്കും ഈ ‘എക്സ്പ്രസ് ട്രെയിനുകള്‍’ ഓടുകയെന്നാണ് വിവരം.
Post Your Comments