പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഋഷിയെന്ന് വിശേഷിപ്പിക്കുന്നത് അതിവായനയാവുമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും മുന്‍ ബി.ജെ.പി. നേതാവുമായ അരുണ്‍ ഷൂറി. ദ പ്രിന്റിന്റെ നാഷനല്‍ എഡിറ്റര്‍ ജ്യോതി മല്‍ഹോത്രയുമായി നടത്തിയ അഭിമുഖത്തിലാണ് ഷൂറി ഈക്കാര്യം പറഞ്ഞത്.
ആര്‍.എസ്.എസ്. ഇപ്പോള്‍ സമ്പൂര്‍ണ്ണമായും മോദിക്ക് വിധേയപ്പെട്ടിരിക്കുകയാണെന്നും ഷൂറി പറഞ്ഞു. താടി വളര്‍ത്തുന്നതുകൊണ്ടോ ബദ്രിനാഥിലെ ഗുഹയില്‍ ഒരു ദിവസം താമസിക്കുന്നതുകൊണ്ടോ ഒരാളെ ഋഷിയെന്ന് വിളിക്കാനാവില്ല. ത്യജിക്കലാണ് ഇന്ത്യന്‍ പാരമ്പര്യത്തില്‍ ഋഷിമാരുടെ വലിയൊരു അടയാളം. ത്യജിക്കാനുള്ള ആഗ്രഹം മോദിക്കുണ്ടെന്ന് പറയാനാവില്ല. ഗുഹയില്‍ പോയിരുന്ന ശേഷം അതിന്റെ ഫോട്ടോയെടുത്ത് പരസ്യപ്പെടുത്തുകയാണ് മോദി ചെയ്തതെന്നും ഷൂറി പറയുന്നു.
ഇത് ത്യജിക്കലല്ല. മോദി താടി നീട്ടി വളര്‍ത്തുന്നത് അടുത്ത പൊതു തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണെന്നും ഷൂറി പറഞ്ഞു. മഹാനായ ഋഷിക്ക് വോട്ടു ചെയ്യൂ എന്നായിരിക്കും മോദിയുടെ അടുത്ത മുദ്രാവാക്യം. ഇടയ്ക്കിടയ്ക്ക് വേഷഭൂഷാദികള്‍ മാറ്റുന്ന നേതാവാണ് മോദി. ചിലപ്പോള്‍ അദ്ദേഹം മുടി നീട്ടി വളര്‍ത്തും, ചിലപ്പോള്‍ മുടിയുടെ നീളം കുറയ്ക്കും. മോദിയുടെ നീണ്ട താടി ത്യാഗത്തിന്റെയോ ത്യജിക്കലിന്റെയോ പ്രതീകമല്ലെന്നും അതൊരു ഫോട്ടോഗ്രാഫ് മാത്രമാണെന്നും ഷൂറി പരിഹസിച്ചു.
ഭരണാധികാരി എന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാനായിട്ടില്ല എന്നതുകൊണ്ടാണ് മോദി ഇത്തരം പ്രകടനങ്ങളിലേക്ക് നീങ്ങുന്നതെന്നും ഷൂറി നിരീക്ഷിച്ചു. ഒരു മിതവാദി എന്ന നിലയില്‍ സ്വയം പ്രതിഷ്ഠിക്കാനാണ് മോദി ശ്രമിക്കുന്നത്. അമിത് ഷായില്‍നിന്നും യോഗി ആദിത്യനാഥില്‍നിന്നും നമ്മളെ രക്ഷിക്കാന്‍ കഴിയുന്ന മിതവാദിയാണ് മോദിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമാണിത്. യഥാര്‍ത്ഥ ഹരിശ്ചന്ദ്രനും ഹരിശ്ചന്ദ്രനായി അഭിനയിക്കുന്ന നടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞിട്ടുള്ളത് ഓര്‍ക്കണമെന്നും ഷൂറി ചൂണ്ടിക്കാട്ടി.
മോദിയുടെ പ്രസംഗങ്ങളിലല്ല, പ്രസംഗങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിക്കുന്നതെന്നതിലാണ് നമ്മള്‍ ശ്രദ്ധ കേന്ദ്രികരിക്കേണ്ടതെന്ന് ഷൂറി അഭിപ്രായപ്പെട്ടു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിച്ചുവെന്നതുകൊണ്ട് രാജ്യം നന്നാവണമെന്നില്ലെന്ന് ഷൂറി പറഞ്ഞു. ”ഒരു ഭരണാധികാരിക്ക് പല കാരണങ്ങള്‍ കൊണ്ടും തിരഞ്ഞെടുപ്പുകള്‍ ജയിക്കാനാവും പക്ഷേ, അപ്പോഴും രാഷ്ട്രം നാശത്തെ അഭിമുഖീകരിക്കുകയാവും. ബൊള്‍സൊണാരൊ ബ്രസീലിനോടും എര്‍ദോഗാന്‍ ടര്‍ക്കിയോടും ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളെ ഇവര്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, ഇവര്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും ചെയ്യുന്നു. പ്രതിപക്ഷമാണ് ഇത്തരം വിജയങ്ങളുടെ മുഖ്യകാരണമെന്ന് ഷൂറി പറഞ്ഞു.
Post Your Comments