തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനത്ത് പ്രതിരോധം തീര്‍ത്ത് സിപിഎം. എല്‍ഡിഎഫ് സംഘടിപ്പിച്ച ജനകീയ പ്രതിരോധത്തില്‍ 25 ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തു. കേന്ദ്ര ഏജന്‍സികളുടെ അതിരുവിട്ട പ്രവര്‍ത്തനം കൈയുംകെട്ടി നോക്കിനില്‍ക്കില്ലെന്ന കേരളത്തിന്റെ മുന്നറിയിപ്പ് കൂടിയായിരുന്നു ജനകീയ പ്രതിരോധത്തില്‍ പങ്കെടുത്ത ജനലക്ഷങ്ങള്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പുറത്തുവന്നപ്പോള്‍ അതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമ നടപടികള്‍ക്ക് വിധേയമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയാണുണ്ടായത്. തന്റെ ഓഫീസിലെ ഒരുദ്യോഗസ്ഥന് കള്ളക്കടത്തു കേസിലെ പ്രതികളുമായി പരിധിവിട്ട ബന്ധമുണ്ടെന്ന് കണ്ടയുടനെ നടപടിയെടുത്തു. ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ എതിരല്ലെന്ന നിലപാടാണ് അന്ന് സ്വീകരിച്ചത്.
സ്വര്‍ണക്കടത്ത് പുറത്തുവന്ന് നാലു മാസം പിന്നിട്ടിട്ടും പ്രതികളെ മുഴുവന്‍ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അന്വേഷണഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. അരഡസന്‍ കേന്ദ്ര ഏജന്‍സികള്‍ ഘോഷയാത്രയായി എത്തി അന്വേഷണത്തില്‍ മുഴുകി. എന്നാല്‍, ഇവയില്‍ പലതും സത്യാവസ്ഥ തെരയുന്നതിനു പകരം ചില പ്രത്യേക ലക്ഷ്യത്തോടെ നീങ്ങുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. അവരുടെ രാഷ്ട്രീയ യജമാനന്മാര്‍ പ്രത്യേകം പറഞ്ഞുറപ്പിച്ചുവിട്ടുവെന്ന് തോന്നലുളവാക്കുന്ന മട്ടില്‍ ചില പ്രത്യേക വ്യക്തികളെ പ്രതിസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടിയെന്ന് ന്യായമായും സംശയിക്കാവുന്ന നീക്കങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
ഇഡി, എന്‍ഐഎ, സിബിഐ, കസ്റ്റംസ് തുടങ്ങിയ ഏജന്‍സികളുടെ പ്രവര്‍ത്തനവഴികളിലെ മുന്‍ഗണന, സത്യം കണ്ടെത്തുന്നതിനു പകരം അന്വേഷണത്തില്‍ രാഷ്ട്രീയ അജന്‍ഡ കൂട്ടിച്ചേര്‍ക്കുന്നതിനാണ്.
ഭരണഘടനാപരമായി വ്യവസ്ഥാപിതമായ അധികാര പരിധിക്കകത്താണ് സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിലെ അപാകതകള്‍ പരിശോധിക്കാനുള്ള സംവിധാനവും ഭരണഘടന തന്നെ ഉദ്ഘോഷിക്കുന്നുണ്ട്. സര്‍ക്കാരാകട്ടെ നിയമസഭയുടെ പരിശോധനയ്ക്കും വിധേയമാണ്.
ഈ നിലയില്‍ നയപരമായ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മുന്‍ഗണനാക്രമങ്ങളും വികസന പരിപ്രേക്ഷ്യവും നിര്‍ണയിക്കാനുള്ള അധികാരവും ഓരോ സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ഭരണഘടനയുടെ ഈ ഫെഡറല്‍ മൂല്യങ്ങളുടെ അടിസ്ഥാന ശിലയിളക്കുന്ന പ്രവര്‍ത്തനങ്ങളാണ് വിവിധ കേന്ദ്രഏജന്‍സികള്‍ നടത്തുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് തുരങ്കംവയ്ക്കുന്നതും ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നതും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായ വൈരനിര്യാതന ബുദ്ധിയോടെയുള്ളതുമായ ഈ പ്രവൃത്തികള്‍ക്കെതിരെ ഇന്ന് കേരളം പ്രതികരിക്കുകയാണ് എന്നും എ വിജയരാഘവന്‍ പറഞ്ഞു.
Post Your Comments