ലണ്ടൻ :ദീപാവലി ആശംസകൾ നേർന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും.സാമൂഹിക മാദ്ധ്യമങ്ങളിലൂടെയായിരുന്നു ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും ആശംസകൾ നേർന്നത്.
എല്ലാ ഹിന്ദു വിശ്വാസികൾക്കും ആഹ്ലാദകരമായ ദീപാവലി ആശംസിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. അന്ധകാരത്തെ തോൽപ്പിച്ച് വെളിച്ചം വിജയം നേടിയ ദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. ലോകമാകെ ഭീതി പടർത്തിയ കൊറോണ വ്യാപനത്തെ നാം ഒറ്റക്കെട്ടായി മറികടക്കുമെന്ന സന്ദേശം കൂടിയാണ് ദീപാവലി നൽകുന്നത്. നാം ഒന്നിച്ച് കൊറോണയ്ക്ക് മേൽ വിജയം നേടുമെന്ന് വിശ്വാസമുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ചാൾസ് രാജകുമാരൻ ദീപാവലി ആശംസകൾ നേർന്നത്. കുടുംബവും, കൂട്ടുകാരും ഒന്നിച്ചൂകൂടി സമ്മാനങ്ങളും, മധുരവും കൈമാറുന്ന പ്രകാശത്തിന്റെ ഉത്സവമാണ് ദീപാവലിയെന്ന് അറിയാം.എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ, കൊറോണയെ തുടർന്ന് ഇത്തരം ആഘോഷങ്ങളൊന്നും സാധിക്കുകയില്ല. ഇത് എത്രത്തോളം പ്രയാസകരമാണെന്നകാര്യം ഊഹിക്കാൻ സാധിക്കുമെന്നും ചാൾസ് രാജകുമാരൻ കൂട്ടിച്ചേർത്തു. ദീപാവലി നൽകുന്ന തിന്മയ്ക്ക് മേൽ നന്മ വിജയം കൈവരിക്കുമെന്ന സന്ദേശത്തിൽ നിന്നും ഈ കൊറോണ കാലത്ത് എല്ലാവരും ശക്തിയുൾക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Post Your Comments