അരുന്ധതി റോയിയുടെ പുസ്തകം എംഎ ഇംഗ്ലീഷ് സിലബസ്സില്‍ നിന്ന് തമിഴ് നാട് യൂണിവേഴ്സിറ്റി പിന്‍വലിച്ചു. 2011ല്‍ പുറത്തിറക്കിയ ‘വാക്കിംഗ് വിത്ത് ദ കോമ്രേഡ്സ്’ (സഖാക്കള്‍ക്കൊപ്പം നടക്കുമ്പോള്‍) എന്ന പുസ്തകമാണ് തമിഴ് നാട്ടിലെ തിരുനെല്‍വേലിയിലുള്ള മനോമണിയം സുനന്ദരനാര്‍ സര്‍വകലാശാല പിന്‍വലിച്ചത്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രങ്ങളായ ഛത്തീസ് ഗഡിലെ ദണ്ഡകാരണ്യ വനമേഖലയില്‍ പോയുള്ള അനുഭവങ്ങളാണ് ഈ പുസ്തകം.
ഈ പുസ്തകത്തില്‍ അരുന്ധതി റോയ് മാവോയിസ്റ്റുകളെ മഹത്വവത്കരിച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് പല കോണിൽ നിന്നും എതിർപ്പ് ഉയർന്നിരുന്നു. വൈസ് ചാന്‍സിലര്‍ കെ പിച്ചുമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുസ്തകം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിന് പകരമായി പരിസ്ഥിതിപ്രവര്‍ത്തകന്‍ എം കൃഷ്ണന്റെ മൈ നേറ്റീവ് ലാന്‍ഡ് – എസ്സേയ്‌സ് ഓണ്‍ നാച്വര്‍ എന്ന പുസ്തകം ഉള്‍പ്പെടുത്തി.
2017ലാണ് അരുന്ധതി റോയിയുടെ വാക്കിംഗ് വിത്ത് ദ കോമ്രേഡ്‌സ് മനോമണിയം യൂണിവേഴ്‌സിറ്റി സിലബസ്സില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ പുസ്തകത്തില്‍ അരുന്ധതി റോയ് മാവോയിസ്റ്റുകളെ മഹത്വവത്കരിച്ച കാര്യം തങ്ങള്‍ കഴിഞ്ഞയാഴ്ചയാണ് അറിഞ്ഞതെന്ന് വിസി, ദ ഹിന്ദുവിനോട് പറഞ്ഞു.
“ദേശവിരുദ്ധരായ മാവോയിസ്റ്റുകളെ സംരക്ഷിക്കുന്നു” എന്നാരോപിച്ച് എബിവിപി തമിഴ് നാട് ജോയിന്റ് സെക്രട്ടറി സി വിഗ്നേഷ്, പുസ്തകം പിന്‍വലിക്കണമെന്ന് വിസിയോട് ആവശ്യപ്പെട്ടിരുന്നു. പിന്‍വലിച്ചില്ലെങ്കില്‍ ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും എബിവിപി നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments