
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ക്ഷണമോ? ഇത്തരത്തിലുള്ള പോസ്റ്റുകൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണം. ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ചീഫ് ഗസ്റ്റായി ഡോ. മൻമോഹൻസിംഗ് പങ്കെടുക്കുമെന്നും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം എന്നുമാണ് പ്രചരിച്ച പോസ്റ്റിലെ തലവാചകം. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് നോക്കാം.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 290 ഇലക്ടറൽ വോട്ടുകളുമായി ജോ ബൈഡൻ വിജയം ഉറപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ പൂർണമായി എന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇതിനിടെയാണ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ മൻമോഹൻ സിംഗ് മുഖ്യതിഥിയായി പങ്കെടുക്കുന്നുവെന്ന പ്രചാരണം. ഹിന്ദിയിലും മലയാളത്തിലുമുള്ള പോസ്റ്റുകൾ വൈറലായി. ഇതിന്റെ സത്യാവസ്ഥ അറിയാൻ ട്വന്റിഫോർ ഫാക്ട് ചെക് ടീം അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാർത്തകൾ വിശകലനം ചെയ്തു.
Read Also: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായി തിരിച്ച് വരുന്നു: നിര്‍മല സീതാരാമന്‍
എന്നാൽ അത്തരത്തിൽ യാതൊരു വാർത്തയും കണ്ടെത്താനായില്ല. മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ജിത്തു പറ്റ്‌വാറിയുടെ ട്വീറ്റിനെ ഉദ്ധരിച്ച് ഒരു ഹിന്ദി ഓൺലൈൻ മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പക്ഷേ, ആ ട്വീറ്റ് അന്വേഷിച്ചപ്പോൾ കോൺഗ്രസ് നേതാവ് അത് ഡിലീറ്റ് ചെയ്തുവെന്ന് വ്യക്തമായി. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മൻമോഹൻ സിംഗിന്റെ ഓഫീസും വ്യക്തമാക്കി.
അതേസമയം അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കുന്ന വ്യക്തി നിയമിക്കുന്ന ഇനോഗ്രേഷൻ കമ്മറ്റിയാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത്. 2021 കമ്മിറ്റി രൂപീകൃതമായിട്ടുണ്ട്. പക്ഷേ നടപടികൾ തുടങ്ങിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പോലും രാഷ്ട്രീയം കലർത്തുന്ന ചിലരുടെ ഗൂഢ നീക്കത്തെ തിരിച്ചറിയാത്തവരാണ് വ്യാജപ്രചാരണത്തിൽ വീണുപോയത്.
Post Your Comments