ഗുജറാത്ത് : കഴിഞ്ഞ 50 വര്‍ഷത്തേക്കാള്‍ അതിവേഗം അതിര്‍ത്തി പ്രദേശങ്ങള്‍ മോദി സര്‍ക്കാരിനു കീഴില്‍ വികസിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സര്‍ജിക്കല്‍ സ്ട്രൈക്കുകളെയും വ്യോമാക്രമണങ്ങളെയും കുറിച്ച് പരാമര്‍ശിച്ച ഷാ, മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇപ്പോള്‍ നയതന്ത്ര പ്രസ്താവന പുറപ്പെടുവിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉചിതമായ മറുപടി നല്‍കുന്നുണ്ടെന്നും പറഞ്ഞു.
ഗുജറാത്തിലെ കച്ച് ജില്ലയിലെ ധോര്‍ഡോ ഗ്രാമത്തില്‍ നടന്ന ‘സിമന്ത് ക്ഷേത്ര വികാസോത്സവ് -2020’ ല്‍ നടന്ന സമ്മേളനത്തില്‍ സംസാരിച്ച ഷാ, 2008-2014 കാലയളവില്‍ ഒരു തുരങ്കം നിര്‍മ്മിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ പ്രകടനത്തിനെതിരെ മോദി സര്‍ക്കാര്‍ ഇതിനകം അതിര്‍ത്തി പ്രദേശങ്ങളില്‍ ആറ് തുരങ്കങ്ങള്‍ നിര്‍മിച്ചെന്നും 19 തുരങ്കങ്ങളുടെ പണി നടക്കുന്നുവെന്നും വ്യക്തമാക്കി.
അതിര്‍ത്തി പ്രദേശ വികസനത്തിനായി 2020-21 വര്‍ഷത്തില്‍ തങ്ങള്‍ 11,800 കോടി രൂപ ബഡ്ജറ്റ് വകയിരുത്തിയിട്ടുണ്ടെന്നും മോദി സര്‍ക്കാരിനു കീഴില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഈ പ്രദേശങ്ങളില്‍ നടത്തിയ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞ 50 വര്‍ഷത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷത്തിനെതിരെ കടുത്ത വിമര്‍ശനവും ഷാ ഉന്നയിച്ചു. ‘എല്ലാ കാര്യങ്ങളിലും ശത്രുതാപരമായ വീക്ഷണം ഉള്ളവര്‍ വോട്ടെടുപ്പില്‍ നിരസിക്കപ്പെട്ടു. സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനങ്ങള്‍ ഗ്രാമങ്ങളിലും അവരുടെ താമസക്കാരിലും എത്തിയിരിക്കുന്നതിനാല്‍ ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ ബോധവാന്മാരാണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments