Latest NewsNewsEntertainment

പെങ്ങളുടെ മൃതദേഹത്തിന്റെ ഇടതു കണ്ണിനു താഴെ ചോരപ്പാടും കഴുത്തില്‍ വരഞ്ഞതു പോലുള്ള പാടുകളും; സഹോദരിയുടെ ദുരൂഹമായ മരണത്തിനു പിന്നില്‍ അവയവ കച്ചവടം; സംവിധായകൻ സനല്‍ കുമാര്‍ ശശിധരൻ; സർവത്ര ദുരൂഹമായി യുവതിയുടെ മരണം

തന്റെ പിതാവിന്റെ സഹോദരിയുടെ മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കോവിഡ് മാറി ആരോഗ്യവതിയായി തിരിച്ചെത്തി എന്നാണ് മരണശേഷം അറിഞ്ഞത്. മൃതദേഹത്തില്‍ വലതു കൈത്തണ്ടയില്‍ ചതവുപോലുള്ള പാടും ഇടത് കണ്ണിനു താഴെയായി ചോരപ്പാടും കഴുത്തില്‍ വരഞ്ഞപോലുള്ള പാടും കണ്ടിരുന്നു. എന്നാല്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെന്നും സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൂടാതെ താന്‍ നടത്തിയ അന്വേഷണത്തില്‍ 2018ല്‍ സന്ധ്യ അവളുടെ കരള്‍ രഹസ്യമായി ഒരാള്‍ക്ക് വിറ്റെന്നും എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിയെന്ന് പറയുന്നത് വിശ്വസനീയമല്ല. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണ്. ഇത് അടിയന്തിരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണെന്നും സനല്‍കുമാര്‍ ശശിധരന്‍ വ്യക്തമാക്കി.

 

ഇത് സമൂഹത്തോടുള്ള ഒരു സഹായാഭ്യർത്ഥനയാണ്.
മിനഞ്ഞാന്ന് അതായത് 07/11/2020 വൈകുന്നേരം എന്റെ അച്ഛന്റെ സഹോദരിയുടെ മകൾ 40 വയസുള്ള സന്ധ്യ പൊടുന്നനെ മരണപ്പെട്ടു. ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നതാണ്. ഈ ഫോട്ടോയിൽ എന്റെ ഇടതുവശത്തായി ഇടുപ്പിൽ കൈ പിടിച്ച് അന്ധാളിച്ചു നിൽക്കുന്നത് അവളാണ്. ഞാനും അനുജത്തിയും സന്ധ്യയും ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നിമിഷമാണത്.

അച്ഛനില്ലാതെ അവൾ വളർന്നത് ജീവിതത്തിന്റെ എല്ലാ മൂർച്ചയും അറിഞ്ഞുകൊണ്ടായിരുന്നു. മോശം കുടുംബ സാഹചര്യം കാരണം അവൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉണ്ടായില്ല. സ്കൂളിൽ പോകേണ്ട സമയത്ത് അവൾ മറ്റെവിടെയൊക്കെയോ വീട്ടുജോലി ചെയ്യുകയായിരുന്ന്നു എന്ന് എനിക്ക് അറിയാമായിരുന്നു. വളർന്നു കഴിഞ്ഞപ്പോൾ വിവാഹിതയായി അവൾ സന്തോഷത്തോടെ ജീവിക്കുന്നു എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ മനസിലാവുന്നത് ദുരിതങ്ങളിൽ നിന്നും ദുരിതങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു അവളുടേത് എന്നാണ്.

മരണവിവരം ആദ്യം അറിയുമ്പോൾ അവൾക്ക് കോവിഡ് ആയിരുന്നു എന്നും വീട്ടിൽ വന്ന ശേഷം മരിച്ചു എന്നുമാണ് കേട്ടത്. പിന്നീട് അറിഞ്ഞു അവൾക്ക് കോവിഡ് മാറി എന്നും അവൾ ആരോഗ്യവതിയായി തിരിച്ചെത്തി എന്നുമാണ്. അതുകൊണ്ട് തന്നെ പൊടുന്നനെയുണ്ടായ മരണം എങ്ങനെ ഉണ്ടായി എന്നതേക്കുറിച്ച് അന്വേഷണം വേണമെന്ന് തോന്നിയിരുന്നു.

പെട്ടെന്ന് അസുഖം വന്ന് മരിച്ചു എന്ന് പറയുന്ന വീട്ടുകാർ ആശുപത്രിയിൽ എത്തിച്ച് മരണ ശേഷമാണ് അവളുടെ സഹോദരനെ അറിയിച്ചത് എന്നതും എനിക്ക് ദുരൂഹമായി തോന്നിയിരുന്നു. അതൊക്കെ കൊണ്ട് തന്നെ അസുഖം വന്നുണ്ടായ സ്വാഭാവിക മരണം എന്ന് രേഖപ്പെടുത്തുന്നതിനു മുൻപ് പോസ്റ്റ് മോർട്ടം വേണമെന്ന് അവളുടെസഹോദരൻ ശഠിച്ചു.
എന്നാൽ കോവിഡ് ടെസ്റ്റ് നടത്തിയിട്ട് പോസ്റ്റ്മോർട്ടം നടത്താം എന്ന നിലപാടിൽ മൃതദേഹം നെയ്യാറ്റിൻ‌കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ ഒരുദിവസം സൂക്ഷിച്ചു. പിറ്റേ ദിവസവും പോസ്റ്റ് മോർട്ടം നടത്തിയില്ല. എന്നാൽ ഇന്നലെ (08/11/2020) വൈകുന്നേരത്തോടെ പരിശോധന നടത്താൻ നെയ്യാറ്റിൻ‌കര പോലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാർ വന്നിട്ടുണ്ടെന്ന് കേട്ട് ഞാൻ ആശുപത്രി മോർച്ചറിയിലെത്തി. പരിശോധന നടത്തുമ്പോൾ ഡോക്ടറുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി.

മൃതദേഹത്തിൽ വലതു കൈത്തണ്ടയിൽ ചതവുപോലുള്ള ഒരു പാടും ഇടത് കണ്ണിനു താഴെയായി ചോരപ്പാടും കഴുത്തിൽ വരഞ്ഞപോലുള്ള പാടും ഞാൻ കണ്ടു. അതിന്റെ ഫോട്ടോ എടുക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന പോലീസുകാർ എന്നെ ബലം പ്രയോഗിച്ച് പുറത്താക്കി വാതിൽ അടച്ചു.

പിന്നീട് അവർ പുറത്തു വന്നപ്പോൾ ഞാൻ സൂചിപ്പിച്ച അടയാളങ്ങളുടെ ഫോട്ടോ എടുത്തിട്ടില്ലാത്തതിനാൽ നിർബന്ധം പിടിച്ച് ഫോട്ടോ എടുപ്പിക്കേണ്ടി വന്നു. ഇവയൊക്കെ ഇൻ‌ക്വസ്റ്റിൽ എഴുതിച്ചേർക്കണമെന്നും ഞാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാം എഴുതിയിട്ടുണ്ടെന്നും വായിച്ച് കേൾപ്പിക്കാൻ സാധ്യമല്ല എന്നും പൊലീസുകാർ പറഞ്ഞു. മാത്രമല്ല സന്ധ്യയുടെ സഹോദരനോട് ഒരു വെള്ള കടലാസിൽ ഒപ്പിട്ടുകൊടുക്കാൻ കൂടി പറഞ്ഞപ്പോൾ കൂടെയുണ്ടായിരുന്നവർ ശബ്ദമുയർത്തി. അപ്പോൾ സ്ഥലത്തുണ്ടായിരുന്ന സജി ഫീൽഡ് ടി എസ് എന്ന എസ് ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ എന്നെയും അവളുടെ സഹോദരൻ രാധാകൃഷ്ണനെയും ബലമായി പുറത്താക്കാൻ ശ്രമിച്ചു.

എന്റെ സുഹൃത്തായ Vinod Sen നെ ഫോണിൽ വിളിച്ച് ഇക്കാര്യങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം നെയ്യാറ്റിൻ‌കര ഡിവൈഎസ്പിയുടെ നമ്പർ അയച്ചു തന്നു. അദ്ദേഹത്തെ വിളിച്ചു പറഞ്ഞപ്പോൾ അദ്ദേഹം പൊലീസുകാരോട് സംസാരിച്ച് എല്ലാം കൃത്യമായി രേഖപ്പെടുത്തുമെന്ന് ഉറപ്പു തന്നു. എന്നാൽ വീണ്ടും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് ഞങ്ങളെ കാണിക്കാതെ മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ശ്രമമുണ്ടായപ്പോൾ ഞങ്ങൾ വീണ്ടും പ്രതിഷേധിച്ചു. തുടർന്ന് സിഐ സ്ഥലത്തെത്തുകയും ഇൻ‌ക്വസ്റ്റ് റിപ്പോർട്ട് പരിശോധിച്ചപ്പോൾ ഞങ്ങൾ കണ്ട അടയാളങ്ങൾ എഴുതിച്ചേർത്തിട്ടില്ലാത്തതുകൊണ്ട് അവ എഴുതിച്ചേർക്കാൻ പൊലീസുകാരോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നെയ്യാറ്റിൻ‌കര ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ തന്നെ എന്തിനാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയതെന്ന് എനിക്ക് മനസിലായില്ല. ഇന്നറിയുന്നത് മെഡിക്കൽ കോളേജിൽ ടെസ്റ്റ് ചെയ്തപ്പോൾ അവൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നാണ്. നെയ്യാറ്റിൻകര ആശുപത്രിയിൽ വെച്ച് കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് ആണെന്ന് റിപ്പോർട്ട് കിട്ടിയിരുന്നത് എങ്ങനെയാണ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചെയ്ത ടെസ്റ്റിൽ കോവിഡ് പോസിറ്റിവ് ആയതെന്ന് മനസിലാവുന്നില്ല. സാഹചര്യങ്ങൾ ദുരൂഹമാണ്. പോസ്റ്റ് മോർട്ടം ആവശ്യമുണ്ടെന്ന സഹോദരന്റെ നിലപാടിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടോ എന്ന് കാര്യമായ സംശയമുണ്ടായി.

മൃതദേഹത്തിൽ കണ്ട മാർക്കുകളും അവ രേഖപ്പെടുത്താൻ പൊലീസ് തയാറാവാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ എനിക്ക് ഈ മരണത്തിൽ മറ്റെന്തോ ദുരൂ‍ൂഹത ഉണ്ടെന്ന് തോന്നുകയും ഞാൻ അതേക്കുറിച്ച് ചില അന്വേഷണങ്ങൾ നടത്തുകയും ചെയ്തു. ഞെട്ടിക്കുന്ന വിവരങ്ങളാണ് എനിക്ക് അറിയാൻ കഴിഞ്ഞത്.

 

വീട്ടിൽ ആരോടും പറയാതെ മരണപ്പെട്ട സന്ധ്യ എറണാകുളത്തുള്ള ആസ്റ്റർ മെഡിസിറ്റിയിൽ എത്തിയെന്നും ആ സമയത്ത് എറണാകുളത്ത് മാതാ അമൃതാനന്ദമയി ആശുപത്രിയിൽ നഴ്സിംഗ് പഠിക്കുകയായിരുന്ന മകളെ വിളിച്ചു വരുത്തി ശസ്ത്രക്രിയക്ക് സമ്മതം കൊടുക്കണമെന്നും മറ്റാരോടെങ്കിലും പറഞ്ഞാൽ താൻ ആത്മഹത്യചെയ്യുമെന്ന് പറഞ്ഞു എന്നുമാണ് മകൾ പറയുന്നത്.

മരണപ്പെട്ട സന്ധ്യക്ക് കിഡ്നി സംഭന്ധമായതും ഹൃദയ സംബന്ധമായതുമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി എനിക്കറിയാം. ആ അവസരത്തിൽ എങ്ങനെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് ആശുപത്രിഅധികൃതർ സമ്മതിച്ചു എന്ന് ചോദിച്ചപ്പോൾ അവർ നടത്തിയ സ്കാനിംഗുകളിലും ടെസ്റ്റുകളിലും ഒന്നും പ്രശ്നങ്ങൾ ഇല്ലായിരുന്നതായി ഡോക്ടർമാർ പറഞ്ഞു എന്നാണ് മകൾ പറയുന്നത്.

എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റർ മെഡിസിറ്റിയിൽ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ല. ശസ്ത്രക്രിയക്കായി സന്ധ്യ നാട്ടിൽ നിന്നും മാറി നിന്ന സമയത്ത് ഞങ്ങൾ അറിഞ്ഞിരുന്നത് അവൾ വീട്ടിൽ വഴക്കിട്ട് ഇറങ്ങിപ്പോയി എന്നായിരുന്നു. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണുള്ളത്. പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം ദഹിപ്പിക്കുകയാണെങ്കിൽ ആയത് തെളിവ് നശിപ്പിക്കുന്നതിനു കാരണമാവും. ലിവർ ആണോ മറ്റ് ഏതെങ്കിലും അവയവങ്ങൾ വിറ്റിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്.

കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട് വന്നതോടെ തെളിവൂകൾ നശിപ്പിക്കാൻ വളരെ എളുപ്പമാണെന്നും കരുതുന്നു. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയാസ്പദവുമാണ്. ഇത് അടിയന്തിരമായി അന്വേഷിക്കേണ്ടത് വളരെ ആവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button