Latest NewsNewsIndia

ഗുരു-ശിഷ്യ ബന്ധം ചെന്നെത്തിയത് പ്രണയത്തില്‍ ; പ്രണയിക്കുമ്പോള്‍ പ്രായം 49 ഉം 19 ഉം ; മാധ്യമങ്ങളടക്കം ആഘോഷിച്ച ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആ പ്രണയജോടികള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍പിരിഞ്ഞു

മാധ്യമങ്ങള്‍ അടക്കം ഏറെ ആഘോഷമാക്കിയ പ്രണയ ജോഡികളായിരുന്നു പ്രൊഫ. മടുക് നാഥ് ചൗധരിയും ജൂലി കുമാരിയും. ബിഹാറിലെ പ്രണയഗുരു എന്നായിരുന്നു മടുക് നാഥ് അറിയപ്പെട്ടിരുന്നത്. തന്റെ ഭാര്യയായ ജൂലി വിദ്യാര്‍ത്ഥിനിയുമായിരുന്നു. പ്രണയിക്കുമ്പോള്‍ അദ്ദേഹത്തിന് അന്ന് 49 വയസ്സായിരുന്നു. അവള്‍ക്ക് 19 വയസ്സും. 30 വയസ്സിന്റെ വ്യത്യാസം. എന്നിട്ടും അവര്‍ പ്രണയിച്ചു. അങ്ങനെ വിദ്യാര്‍ത്ഥിനിയില്‍ നിന്നും കാമുകിയായി പിന്നീട് ഭാര്യയായി മാറി ജൂലി കുമാരി.

ബീഹാറിലെ പാറ്റ്ന യൂണിവേഴ്സിറ്റിയില്‍ ഹിന്ദി വകുപ്പ് അധ്യാപനായിരുന്നു അന്ന് 49 വയസ്സുണ്ടായിരുന്ന പ്രൊഫ. മടുക് നാഥ്. അദ്ദേഹത്തിന്റെ ശിഷ്യയായിരുന്നു ജൂലി. 2004 ലാണ് ഇരുവരും കണ്ടുമുട്ടിയത്. ക്ലാസില്‍ വൈകിയെത്തിയതിനെ തുടര്‍ന്നുള്ള ശകാരവും അതിനെത്തുടര്‍ന്നുള്ള സൗഹൃദവുമാണ് ഇരുവരെയും അടുപ്പിച്ചത്. ഈ അടുപ്പം പതുക്കെ പ്രണയത്തിലേക്ക് വഴിമാറി.

പ്രണയം തുറന്നു പറഞ്ഞത് അന്നത്തെ 19കാരിയായ ജൂലിയായിരുന്നു. പ്രൊഫസറില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് മടുക് നാഥിനോട് ജൂലി പറഞ്ഞു. ആദ്യമൊക്കെ അദ്ദേഹം എതിര്‍ത്തെങ്കിലും അദ്ദേഹവും പിന്നീട് പ്രണയത്തിലാഴ്ന്നിറങ്ങി. പ്രൊഫ. മടുക് നാഥിന് ഭാര്യയും രണ്ടു മക്കളുമുണ്ടായിരുന്നു. ശാന്തമായ ജീവിതം. ഭാര്യ ആഭ വീട്ടമ്മയായി കഴിയുകയായിരുന്നു. എന്നാല്‍ അതെല്ലാം മറന്ന് പ്രൊഫസര്‍ പ്രണയിച്ചു.

മകളാകാന്‍ പ്രായമുള്ള കുട്ടിക്കൊപ്പം പാര്‍ക്കിലും ബീച്ചിലുമൊക്കെ കറങ്ങുന്ന പ്രൊഫസര്‍ വളരെ പെട്ടെന്ന തന്നെ ശ്രദ്ധപിടിച്ചുപറ്റി. അതിവേഗം പല കഥകളും ഇരുവരെയും കുറിച്ച് പരന്നു.

അതോടെ വീട്ടിലും പ്രശ്നമായി. ഭാര്യ നിരന്തരമായി വഴക്കിലേര്‍പ്പെട്ടു. ബന്ധുക്കള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്തി. ഭാര്യയുടെ ബന്ധുക്കള്‍ ഇരുവരെയും പരസ്യമായി തല്ലിച്ചതച്ചു. തെരുവില്‍ വെച്ച് അദ്ദേഹത്തിന്റെ മുഖത്തു അവര്‍ കരിയോയില്‍ ഒഴിച്ചു. എന്നാല്‍ ഇരുവരും പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ന്ന് പ്രൊഫസറുടെ ഭാര്യ നല്‍കിയ പരാതിയില്‍ ഗാര്‍ഹിക പീഡനകുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിശ്വാസ വഞ്ചനാ കേസില്‍ ജൂലിയും ജയിലറകള്‍ക്കുള്ളിലായി. മാധ്യമങ്ങള്‍ അവരുടെ വാര്‍ത്തകള്‍ തുടര്‍ച്ചയായി നല്‍കി.

എന്നാല്‍ അദ്ദേഹത്തിനെതിരായ നടപടികള്‍ അവിടം കൊണ്ടും തീര്‍ന്നില്ല. പാറ്റ്ന സര്‍വകലാശാല അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. 2009 ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. ജയില്‍ മോചിതനായ പ്രൊഫസര്‍ ജൂലിയെ കൈവിട്ടില്ല. അദ്ദേഹം പാറ്റ്ന വിട്ടു ഭഗല്‍പ്പൂരിലെത്തി, ഇരുവരും ഒരുമിച്ചു താമസം തുടങ്ങി. പ്രൊഫസറോടുള്ള പ്രണയം ശാരീരികം എന്നതിനേക്കാള്‍ ആത്മീയമാണ് എന്നാണ് ജൂലി മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുള്ള ആരാധനയില്‍ നിന്നാണ് അതുണ്ടായതെന്നും അവര്‍ പറഞ്ഞു. പിന്നീട് അദ്ദേഹം ജോലി തിരികെ ലഭിക്കാന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നു നടന്ന നിയമ പോരാട്ടത്തില്‍ അനുകൂല വിധി ഉണ്ടായി. 2013 ഫെബ്രുവരി 13 ന് അദ്ദേഹത്തെ ജോലിയില്‍ പുന:സ്ഥാപിക്കാന്‍ കോടതി വിധിച്ചു.

എന്നാല്‍, സര്‍വകലാശാല കോടതി വിധി നടപ്പാക്കിയില്ല. അതിനായി അദ്ദേഹം സത്യാഗ്രഹം കിടന്നു. ഒടുവില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഇപെട്ട് ജോലിയില്‍ പുനഃസ്ഥാപിച്ചു. കൂടാതെ പുറത്തായ കാലത്തെ ശമ്പളമായ 20 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് വിവാഹമോചന കേസില്‍ കോടതി ഭാര്യയ്ക്കും കുട്ടികള്‍ക്കും മാസം 15000 രൂപ ചിലവിനു നല്‍കാന്‍ വിധി വന്നു. പാറ്റ്നയിലെ രണ്ടു വീടുകളില്‍ കോടിയിലേറെ വിലമതിക്കുന്ന വീട് ആദ്യ ഭാര്യക്ക് നല്‍കി.

ഇത്രയേറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും അതെല്ലാം തരണം ചെയ്ത് അവര്‍ സന്തോഷത്തോടെ ജീവിതമാരംഭിച്ചു. ജൂലിയുടെയും പ്രെഫസറുടെയും പ്രണയകഥ ലോകമാധ്യമങ്ങളില്‍ വാര്‍ത്തയായി. അദ്ദേഹത്തിനെ മാധ്യമങ്ങള്‍ ലവ് ഗുരു എന്നു വിളിച്ചു. മനോഹരമായിരുന്നു ആ ജീവിതമെന്ന് ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിലും സജീവമായ പ്രൊഫസര്‍ക്കൊപ്പം പൊതുപരിപാടികളില്‍ ജൂലിയും പങ്കാളിയായി. വാലന്‍ൈറന്‍സ് ആഘോഷങ്ങളില്‍ ഇരുവരും അതിഥികളായിരുന്നു.

എന്നാല്‍, ആറു വര്‍ഷം മുമ്പ് വീണ്ടും കഥ മാറി. പ്രണയത്തിന്റെ ആനന്ദങ്ങളില്‍നിന്നും വൈവാഹിക ജീവിതത്തിലേക്കു വന്നുവീണ ജൂലി പതിയെ ആത്മീയപാതയിലേക്ക് കൂടുതല്‍ സഞ്ചരിക്കാന്‍ തുടങ്ങി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലും ജെ.എന്‍യുവിലും പഠിച്ച ജൂലി ആത്മീയ കേന്ദ്രങ്ങളിലേക്ക് ഒറ്റയ്ക്കുള്ള സഞ്ചാരങ്ങള്‍ ആരംഭിച്ചു. ഇത് അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. തുടര്‍ന്ന്, ജൂലി ബന്ധം അവസാനിപ്പിച്ച് ഒറ്റയ്ക്ക് ജീവിക്കാനാരംഭിച്ചു. പുതുച്ചേരിയിലും ഋഷികേശിലും പൂനെയിലെ ഓഷോ ആശ്രമത്തിലുമായി അവര്‍ കഴിഞ്ഞു. 14 വര്‍ഷം നീണ്ട പ്രണയ ജീവിതത്തിന് അവിടെ വിരാമമിട്ടു.

രണ്ടു വര്‍ഷം മുമ്പ് ഒരു പ്രണയദിനത്തില്‍, പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍, താന്‍ വീണ്ടുമൊരു വിവാഹത്തിന് ഒരുങ്ങുകയാണ് എന്നദ്ദേഹം പറഞ്ഞിരുന്നു. നിരവധി വിവാഹ ആലോചനകള്‍ തനിക്ക് വരുന്നുണ്ട് എന്നും അതിലൊന്ന് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞത് വാര്‍ത്തയായിരുന്നു. പ്രൊഫസര്‍ക്കിപ്പോള്‍ 64 വയസ്സുണ്ട്. പ്രായമല്ല തന്റെ പ്രണയബന്ധത്തെ ഇല്ലാതാക്കിയത് എന്നാണ് പ്രൊഫസര്‍ പറയുന്നത്. മാനസികമായി തങ്ങളിരുവരും ഒരേ പ്രായമാണ് എന്നാണ് ജൂലി ഇപ്പോഴും പറയാറുള്ളത് എന്നും അദ്ദേഹം പറയുന്നു.

shortlink

Post Your Comments


Back to top button