KeralaLatest NewsIndia

ബിലീവേഴ്‌സ് ചര്‍ച്ചിലെ റെയ്ഡ് : 5 കോടി രൂപ കണ്ടെത്തി, 6000 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടത്തിയതായി ഉദ്യോഗസ്ഥർക്ക് സംശയം

തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന മൂന്നരക്കോടിയലധികം രൂപയാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.

പത്തനംതിട്ട: ബിലീവേഴ്‌സ് ഇസ്റ്റേണ്‍ ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ തെരച്ചില്‍ ഇന്നും തുടരുന്നു. സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചര്‍ച്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതോളം സ്ഥാപനങ്ങളിലാണ് തെരച്ചില്‍ നടത്തുന്നതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കില്‍പ്പെടാത്തതെന്ന് കരുതുന്ന മൂന്നരക്കോടിയലധികം രൂപയാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.

ഇത് കൂടാതെ സിനഡ് സെക്രട്ടറിയേറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച രീതിയില്‍ 3 കോടി രൂപയും കണ്ടെത്തി. സഭയുടെ ഡല്‍ഹി ആസ്ഥാനത്തിന്നും 95 ലക്ഷം രൂപയും പിടികൂടി. കണക്കില്‍പ്പെടാത്ത 5 കോടി രൂപ ഉള്‍പ്പെടെയാണ് ഇത്. വിദേശ വിനിമയ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി വ്യാപകമായി ഫണ്ട് വാങ്ങിയെന്നും ഇത് ഉപയോഗിച്ച്‌ സ്വത്തുക്കളും സ്ഥാപനങ്ങളും വാങ്ങിക്കൂട്ടിയെന്നതാണ് ബിലീവേഴ്‌സ് ചര്‍ച്ചിനെതിരായ പരാതി. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ ബിലീവേഴ്‌സ് ചര്‍ച്ച്‌ നടത്തിയിട്ടുണ്ടെന്നാണ് സൂചന.

ആദായനികുതി വകുപ്പ് ഇതുവരെ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ബിലിവേഴ്‌സ് സ്ഥാപനങ്ങളില്‍ ഇനിയും കണക്കെടുപ്പ് തുടരുകയാണ്.സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകള്‍, കോളേജുകള്‍, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലും ബിഷപ്പ് കെ.പി. യോഹന്നാന്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തി. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്.

പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക ഇടപാടുകളുടെ അടക്കം വിവിധ രേഖകളും കണ്ടെത്തിയിട്ടുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതില്‍ സ്ഥാപനം സമര്‍പ്പിച്ച കണക്കുകളില്‍ വൈരുദ്ധ്യം ഉള്ളതായി അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പരിശോധന നടന്നത്. ബിലീവേഴ്‌സ് ചര്‍ച്ച 6000 കോടി രൂപയുടെ അനധികൃത ഇടപാടുകള്‍ നടത്തി എന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍.

read also: ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് ഖാപ് പഞ്ചായത്ത് വിധി ; യുവാവ് ആത്മഹത്യ ചെയ്തു

ഇന്നലെയെത്തിയ ഉദ്യോഗസ്ഥ സംഘം ഇന്നലെ രാത്രി മുഴുവനും പരിശോധനകള്‍ തുടര്‍ന്നു. സംഘം പരിശോധനകള്‍ പൂര്‍ത്തിയാക്കി നാളെയേ മടങ്ങൂ എന്നതാണ് ലഭിക്കുന്ന വിവരം. സഭാ ആസ്ഥാനത്ത് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതില്‍ നടപടിക്രമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരില്‍ ഒരാളുടെ ബാങ്ക് അക്കൗണ്ടുകള്‍ കുറച്ച്‌ ദിവസം മുമ്ബ് മരവിപ്പിച്ചിരുന്നു. കേരളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button