തിരുവനന്തപുരം: ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിന്‍മേല്‍ എഫ്.ഐ.ആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2020 ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങള്‍ നടന്നതെന്ന് പൊലീസ് പറയുന്നു. ഒക്ടോബര്‍ 28-നാണ് പരാതിയുമായി മീനാക്ഷി പൊലീസിനെ സമീപിച്ചതെങ്കിലും നേരിട്ട് കേസെടുക്കാന്‍ കഴിയാത്ത കുറ്റകൃത്യമായതിനാല്‍ അവര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുവാദം തേടിയിരുന്നു. കേസെടുക്കാമെന്ന കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസ്സിലായത് എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ വ്യാജവാര്‍ത്തകള്‍ ചമച്ചതായി പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നു. ഇത് ദിലീപിനെയും മകളെയും അപകീര്‍ത്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്. മലയാളി വാര്‍ത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോന്‍ എന്നിങ്ങനെയുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കും അവരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകള്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments