35 വര്‍ഷമായി മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന നടി കനകലത മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ കനകലതയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല. കഷ്ടപ്പാടിന്റെയും പ്രതിസന്ധിയുടെയും ജീവിത കാലത്തെക്കുറിച്ചു മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
”ഓച്ചിറയാണ് ഞാന്‍ ജനിച്ചത്. പഠിച്ചതും വളര്‍ന്നതുമെല്ലാം കൊല്ലത്താണ്. അച്ഛനവിടെ ചെറിയ ഹോട്ടല്‍ നടത്തുകയായിരുന്നു. ഞങ്ങള്‍ 5 മക്കള്‍. എനിക്ക് നാലു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. പറക്കമുറ്റാത്ത ഞങ്ങള്‍ മക്കളെ പിന്നീട് വളര്‍ത്തിയത് അമ്മയും അമ്മാവനും ചേര്‍ന്നാണ്. ദാരിദ്ര്യവും കഷ്ടപ്പാടുമായിരുന്നു ജീവിതം. വാടകവീടുകളില്‍ നിന്ന് വാടകവീടുകളിലേക്കുള്ള പലായനമായിരുന്നു.” താരം പറയുന്നു.
ചെറുപ്പത്തില്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു. അമച്വര്‍ നാടകങ്ങളിലൂടെയാണ് തുടക്കം. പിന്നീട് പ്രൊഫഷണല്‍ നാടകങ്ങളുടെ ഭാഗമായതോടെ അഭിനയം തന്നെ ജീവിതമാര്‍ഗം എന്നുറപ്പിച്ചു. ദൂരദര്‍ശനില്‍ ഒരു പൂ വിരിയുന്നു എന്ന സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതുവഴി മിനിസ്‌ക്രീനിലെത്തി. അതുകണ്ട് ഉണര്‍ത്തുപാട്ട് എന്നൊരു സിനിമയിലേക്ക് വിളിച്ചു. അഭിനയിച്ചു. പക്ഷേ ആ സിനിമ റിലീസായില്ല. പിന്നീട് ചില്ല് എന്ന സിനിമയാണ് റിലീസായത്. ആ സമയത്ത് ഞാന്‍ വിവാഹിതയായി. പക്ഷേ ദാമ്ബത്യജീവിതം അധികകാലം നീണ്ടുനിന്നില്ല. ഞങ്ങള്‍ വേര്‍പിരിഞ്ഞു. ജീവിതത്തില്‍ ഒറ്റപ്പെടല്‍ തോന്നിയ സമയം. അപ്പോഴാണ് എന്റെ മൂത്ത സഹോദരന്‍ മരിക്കുന്നത്. അങ്ങനെ ചേട്ടന്റെ മൂന്നു മക്കളെ ഞാന്‍ സ്വന്തം മക്കളായി ദത്തെടുത്തു വളര്‍ത്താന്‍ തുടങ്ങി. അവരിലൂടെ എനിക്ക് വീണ്ടും ഒരു കുടുംബം ലഭിച്ചു. അഭിനയത്തിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് കഷ്ടപ്പെട്ട് അവരെ ഞാന്‍ വളര്‍ത്തി. രണ്ടു പെണ്‍മക്കളെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചുവിട്ടു. മകനും അവന്റെ കുടുംബവുമാണ് ഇപ്പോള്‍ എന്നോടൊപ്പമുള്ളത്.
Post Your Comments