Latest NewsIndiaSaudi Arabia

ഇന്ത്യയില്‍ വൻ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ, ഇന്ത്യ സൗദി ബന്ധം കൂടുതൽ ശക്തമാകുന്നു

സാമ്പത്തികമായി പ്രാദേശിക അടിത്തറ ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര വിപണികളിലെ സാന്നിധ്യം വര്‍ധിപ്പിക്കുക എന്നിവയും പി.ഐ.എഫിന്‍റെ പ്രഖ്യാപിതനയങ്ങളില്‍ പെട്ടവയാണ്.

ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും, വികസനവും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിപണികളില്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്.

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ട് വക്താവാണ് ഇന്ത്യയില്‍ പുതിയ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ദേശീയ സാമ്പത്തിക വൈവിധ്യ വല്‍ക്കരണത്തിന്‍റെ ഭാഗമായാണ് നടപടി. ദേശീയ പരിവര്‍ത്തനപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന ലക്ഷ്യപൂര്‍ത്തീകരണം കൂടി മുന്നില്‍ കണ്ടാണ് നീക്കം. സാമ്പത്തികമായി പ്രാദേശിക അടിത്തറ ശക്തിപ്പെടുത്തുക, അന്താരാഷ്ട്ര വിപണികളിലെ സാന്നിധ്യം വര്‍ധിപ്പിക്കുക എന്നിവയും പി.ഐ.എഫിന്‍റെ പ്രഖ്യാപിതനയങ്ങളില്‍ പെട്ടവയാണ്.

അന്താരാഷ്ട്ര വിപണികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ സാധ്യതയുള്ള വിപണി എന്ന നിലയിലാണ് പി.ഐ.എഫ് നിക്ഷേപം വര്‍ധിപ്പിക്കുന്നത്. ഡിജിറ്റല്‍ ഫൈബര്‍ ഒപ്റ്റിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മേഖലയിലാണ് നിക്ഷേപം നടത്തുക. അഞ്ഞൂറ് ദശലക്ഷം ഡോളറിന്‍റെ മൂലധന നിക്ഷേപത്തിനാണ് ധാരണ. ഇന്ത്യക്ക് പുറമേ മറ്റു രാജ്യങ്ങളിലും സമാന രീതിയില്‍ പി.ഐ.എഫ് നിക്ഷേപങ്ങള്‍ നടത്തി വരുന്നുണ്ട്.

ഭാവിയില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള എല്ലാ തരം കമ്പനികളിലും ഏജന്‍സികളിലും നിക്ഷേപം നടത്താന്‍ പദ്ധതിയുണ്ടെന്നും പി.ഐ.എഫ് വക്താവ് വ്യക്തമാക്കി. നിലവില്‍ ഇന്ത്യയില്‍ അംബാനി ഗ്രൂപ്പിന്‍റെ ജിയോ പ്ലാറ്റ്ഫോമില്‍ പി.ഐ.എഫിന് നിക്ഷേപമുണ്ട്.

shortlink

Post Your Comments


Back to top button