ഭൂമിയിൽ അധർമ്മം വർദ്ധിക്കുമ്പോൾ ഓരോ കാലഘട്ടത്തിലും മഹാവിഷ്ണു ധർമ്മം പുനഃസ്ഥാപിക്കാനായി ഓരോ അവതാരങ്ങൾ സ്വീകരിച്ചു കൊണ്ട് ഭൂമിയിൽ പിറവി എടുത്തിട്ടുണ്ട് . മൽസ്യം , കൂർമ്മം , വരാഹം , നരസിംഹം , വാമനൻ , പരശുരാമൻ , ബലരാമൻ , ശ്രീരാമൻ , ശ്രീകൃഷ്‌ണൻ , കൽക്കി എന്നിവയാണ് മഹാവിഷ്ണുവിന്റെ പത്താവതാരങ്ങൾ .
ഇതിൽ ഒന്നാമത്തെ അവതരമായ മൽസ്യാവതാര പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ ഭാരതത്തിൽ വളരെ അപൂർവ്വമാണ് . ആദ്യ മനുഷ്യനായ മനുവിന്റെ കാലഘട്ടത്തിലാണ് ഭഗവാൻ മൽസ്യാവതാരം സ്വീകരിച്ചത് . വേദങ്ങൾ വായിച്ചു കൊണ്ടിരുന്ന ബ്രഹ്മാവിന്റെ കയ്യിൽ നിന്ന് ഹയഗ്രീവൻ എന്ന അസുരൻ വേദങ്ങൾ മോഷ്ടിച്ച് കൊണ്ട് കടന്നു കളയുകയും , ഈ അസുരനെ വധിക്കാൻ ഭഗവാൻ മത്സ്യാവതാരം സ്വീകരിക്കുകയും ചെയ്തു .
മൽസ്യാവതരത്തിൽ ഭഗവാനെ ആരാധിക്കുന്ന ക്ഷേത്രങ്ങൾ വളരെ അപൂർവ്വമായിട്ട് മാത്രമേ ഭാരതത്തിൽ കാണാൻ സാധിക്കുകയുള്ളൂ . ഇതിൽ കേരളത്തിൽ മൽസ്യാവതാര പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് വയനാട് ജില്ലയിലെ മീനങ്ങാടിയിൽ ഉള്ള ശ്രീ മൽസ്യാവതാര മഹാവിഷ്ണു ക്ഷേത്രം . കേരളത്തിലെ ഏക മൽസ്യാവതാര ക്ഷേത്രം എന്ന കാരണത്താൽ തന്നെ ഈ ക്ഷേത്രം വളരെയധികം പ്രാധാന്യം അർഹിക്കുന്നു .
ഗണപതി , അയ്യപ്പൻ , ഭഗവതി എന്നിവർ ഉപദേവതകളായി കുടികൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് കൂടിയാണ് കോഴിക്കോട് – മൈസൂർ ദേശീയപാത കടന്ന് പോകുന്നത് . മലബാർ ദേവസ്വം ബോർഡിൻറെ കീഴിൽ ഉള്ള ഈ ക്ഷേത്രത്തിൽ കൊടിയേറി ഉള്ള ഉത്സവം ആരംഭിക്കുന്നത് കുംഭ മാസത്തിലെ ഉത്രട്ടാതിക്കാണ് . കൂടാതെ മേടമാസത്തിലെ മൽസ്യജയന്തിയും ക്ഷേത്രത്തിലെ വിശേഷ ദിവസമാണ് .
വായനാടിലെ മീനങ്ങാടിയിൽ ഈ ക്ഷേത്രം വന്നതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ് . അഞ്ഞൂറ് കൊല്ലങ്ങൾക്ക് മുൻപ് ഇന്ന് ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് കൂടി കടന്ന് പോയ ഒരു യോഗീശ്വരൻ , അവിടെ ഉണ്ടായിരുന്ന ഒരു കുളത്തിൽ കുളിക്കാൻ ഇറങ്ങുകയും , കുളത്തിൽ അദ്ദേഹത്തിന്റെ മുന്നിലായി ഒരു മൽസ്യം തുള്ളി കളിക്കുകയും ഉണ്ടായി . ആ പ്രദേശത്ത് ഭഗവാന്റെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കിയ യോഗീശ്വരൻ , ഒരു വിഷ്ണു വിഗ്രഹം കൊണ്ട് വന്നു കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കു ദർശനമായി മൽസ്യാവതാര സങ്കല്പത്തിൽ പ്രതിഷ്ഠിക്കുകയുമായിരുന്നു .
Post Your Comments