തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് പണത്തിനോട് ആര്‍ത്തിയെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം. എം ലോറന്‍സ്. പലഘട്ടങ്ങളിലും ബിനീഷിനെ തിരുത്തണമായിരുന്നു. അതിനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും എം. എം ലോറന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ബിനീഷിന്റെ പണത്തിനോടുള്ള ആര്‍ത്തിയാണ് പല കുഴപ്പങ്ങളിലും കൊണ്ടുപോയി ചാടിച്ചതെന്നും മകന്‍ ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണന്‍ രാജിവയ്‌ക്കേണ്ടതില്ലെന്നും അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അവരെ പറഞ്ഞു തിരുത്തുകയാണ് വേണ്ടതെന്നും എം. എം ലോറന്‍സ് വ്യക്തമാക്കി.
Read Also: താല്‍ക്കാലിക ജീവനക്കാർക്ക് ആശ്വാസം; 1700 പേർക്ക് ജോലി സ്ഥിരപ്പെടുത്താനൊരുങ്ങി കെഎസ്ആര്‍ടിസി
എന്നാൽ ബംഗളൂരു ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ബിനീഷ് കോടിയേരി. ബിനീഷിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ബിനീഷിനെ ഇന്ന് ബംഗളൂരു സിവില്‍ കോടതിയില്‍ ഹാജരാക്കും. ഇ.ഡിക്ക് ലഭിച്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നും ചോദ്യം ചെയ്ത ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കും. അതേസമയം, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെതിരായ നടപടികള്‍ തുടരുകയാണ്. ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങാനാണ് ശ്രമം.
Post Your Comments