തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീ വിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. കേരളപ്പിറവിദിനത്തിൽ പോലും സ്ത്രീ സമൂഹത്തിനെതിരെ നടക്കുന്ന അതിനീചമായ പരാമർശങ്ങൾ രാഷ്ട്രീയ വിദ്വേഷത്തിൻ്റെ പേരിലായാൽക്കൂടി അനുവദിച്ചുകൂടെന്ന് കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
മുല്ലപ്പള്ളി രാമചന്ദ്രൻ അടിയന്തരമായി താൻ നടത്തിയ നീചമായ സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ജോസഫൈൻ ആവശ്യപ്പെട്ടു. സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നവരെ നിലയ്ക്ക് നിറുത്താൻ രാഷ്ട്രീയ നേതൃത്വത്തിന് കരുത്തുണ്ടാകണമെന്നും ജോസഫൈൻ പറഞ്ഞു.
സർക്കാരിനെതിരെയുളള വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്ത്രീ വിരുദ്ധ പമാർശം നടത്തിയത്. എന്നാൽ പ്രസ്താവന വിവാദമായതോടെ മുല്ലപ്പള്ളി നിർവ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.
Post Your Comments