തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ കാട്ടിയത് അസാമാന്യ തൊലിക്കട്ടിയാണെന്നും കാണ്ടാമൃഗം പോലും തോറ്റുപോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുകയാണ് എന്ന കാനത്തിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. സിപിഎം മുതലാളിമാർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പിണറായി വിജയനും എം ശിവശങ്കറും തമ്മിൽ 12 വർഷത്തെ ബന്ധമുണ്ട്. സി എം രവീന്ദ്രനാണ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായി വിജയന് പരിചയപ്പെടുത്തികൊടുത്തത്. ലാവ്ലിൻ കേസിലെ സുപ്രധാന രേഖകൾ നഷ്ടപെട്ടതിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. നളിനി നെറ്റോയുടെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ബിനീഷിന്റെ അറസ്റ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണൻ ഇതുവരെയും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിക്കും പ്രതികരിക്കാൻ ഒന്നുമില്ലേ. ചോദ്യങ്ങളിൽ നിന്നെല്ലാം മുഖ്യമന്ത്രി ഒളിച്ചോടി. വെറുതെ സമയം കളഞ്ഞു. പാർട്ടി സെക്രട്ടറി ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് എൽഡിഎഫ് കൺവീനർ പറയുന്നത്. അന്താരാഷ്ട്ര മാനമുള്ള കേസിൽ സീതാറാം യെച്ചൂരിയും എസ്ആർപിയും പ്രതികരിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Post Your Comments