KeralaLatest NewsIndia

പാര്‍ട്ടികളില്‍ സൗജന്യമായി മദ്യമൊഴുക്കി കൂട്ടുകെട്ട് വിപുലീകരിച്ചു, ബംഗളുരുവില്‍ ബന്ധങ്ങളുണ്ടാക്കാന്‍ ബിനീഷ് ചെലവിട്ടത് കോടികൾ

ഡാന്‍സുകാരും സിനിമാക്കാരും കോളജ് വിദ്യാര്‍ഥികളുമാണു പങ്കെടുക്കുന്നത്. ഇതിനിടയിലാണു മയക്കുമരുന്ന് ഇടപാട് നടക്കുന്നതെന്നാണു വിവരം.

കൊച്ചി: ബംഗളുരുവില്‍ ബന്ധങ്ങളുണ്ടാക്കാന്‍മാത്രം ബിനീഷ് കോടിയേരി ചെലവിട്ടതു രണ്ടു കോടി രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ഉദ്യോഗസ്ഥര്‍. പാര്‍ട്ടികളില്‍ സൗജന്യമായി മദ്യമൊഴുക്കിയാണു കൂട്ടുകെട്ട് വിപുലമാക്കിയത്. ബംഗളുരുവിലെത്തുന്ന ദിവസം പാര്‍ട്ടികളിലെ മദ്യം ബിനീഷിന്റെ വകയാണ്. ഡാന്‍സുകാരും സിനിമാക്കാരും കോളജ് വിദ്യാര്‍ഥികളുമാണു പങ്കെടുക്കുന്നത്. ഇതിനിടയിലാണു മയക്കുമരുന്ന് ഇടപാട് നടക്കുന്നതെന്നാണു വിവരം.

സിനിമാഷൂട്ടിങിനു ലൊക്കേഷന്‍ കിട്ടാന്‍ എളുപ്പമായതിനാലാണു സിനിമാക്കാര്‍ ബിനീഷിന്റെ ഒപ്പം കൂടുന്നതും ചെറിയ വേഷങ്ങള്‍ നല്‍കുന്നതും. അതേസമയം 2013 മുതല്‍ തന്നെ എം.ഡി.എം.എയുടെ ചെറിയ രീതിയിലുള്ള വില്‍പ്പനക്കാരനും ഉപയോക്താവുമായിരുന്നു അനൂപ് മുഹമ്മദ്. തുടര്‍ന്നു 2015-ല്‍ ബിനീഷിന്റെ സഹായത്തോടെ കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങിയെന്ന അനൂപിന്റെ മൊഴിയും ബിനീഷിനെ വെട്ടിലാക്കി. പണം കടം കൊടുത്തെന്നാണു ബിനീഷ് പറഞ്ഞതെങ്കിലും ബിനീഷിന്റെ സഹായത്തോടെ എന്നുതന്നെ കൃത്യമായി അനൂപ് മൊഴി നല്‍കിയിട്ടുണ്ട്.

ഇതുതന്നെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. വമ്പന്‍ ഡീലുകളില്‍ മധ്യസ്ഥനായി ഇടപെട്ടു ലക്ഷങ്ങള്‍ കമ്മീഷന്‍ വാങ്ങുന്നതാണു ബിനീഷിന്റെ മറ്റൊരു വരുമാനമെന്നും ഇ.ഡി. ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. കോടതികളിലും അഴിമതിക്കേസുകളിലും പ്രോസിക്യൂഷനെ സ്വാധീനിക്കുന്നതുള്‍പ്പെടെ നടത്തി വന്‍തുക വാങ്ങുന്നതായി ആരോപണമുണ്ട്.2015 ലാണ് ബിനീഷ് പണം നല്‍കിയത്.

2018ല്‍ അനൂപ് ഹോട്ടല്‍ ബിസിനസില്‍ തകര്‍ച്ച നേരിട്ടതോടെ നടത്തിപ്പ് മറ്റൊരു ഗ്രൂപ്പിന് കൈമാറിയെന്നും പറയുന്നുണ്ട്. എന്നാല്‍ ഹോട്ടല്‍ നടത്തിപ്പില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്നു മൊഴിയിലില്ല. മയക്കുമരുന്നു കേസിലെ പ്രതിയുമായുള്ള സാമ്ബത്തിക ബന്ധം വ്യക്തമായ നിലയ്ക്ക് എന്‍.സി.ബിയും ബിനീഷിനെതിരേ കേസെടുക്കുമെന്നാണു വിവരം.

അനൂപിനൊപ്പമിരുത്തി ചോദ്യംചെയ്യാനും ആലോചനയുണ്ട്. മയക്കുമരുന്നു കച്ചവടത്തില്‍ ബിനീഷിനു പങ്കുണ്ടോയെന്ന് അന്വേഷിക്കും. അനൂപിനു പണം നല്‍കിയിയിട്ടുണ്ടെന്നു കണ്ടെത്തിയതോടെ ബിനീഷിനെ നേരത്തേ കൊച്ചിയിലും ബംഗളുരുവിലുമായി ഇ.ഡി. രണ്ടുവട്ടം ചോദ്യംചെയ്തിരുന്നു. ഇരുവരുടെയും മൊഴികളില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് ഇന്നലെ വീണ്ടും വിളിപ്പിച്ചത്.

അനൂപിന്റെ ഹോട്ടല്‍ ബിസിനസ് ആവശ്യത്തിനായി പലപ്പോഴായി ആറു ലക്ഷം രൂപ നല്‍കിയെന്നു ബിനീഷ് പറഞ്ഞപ്പോള്‍ 50 ലക്ഷമെന്നായിരുന്നു അനൂപിന്റെ മൊഴി.ഇയാളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു വിവിധ അക്കൗണ്ടുകളില്‍നിന്നായി ലക്ഷക്കണക്കിനു രൂപ വന്നിട്ടുണ്ട്. ഇതേപ്പറ്റി അനൂപിനു വ്യക്തമായ വിശദീകരണമില്ല. ഈ പണമിടപാടുകള്‍ക്കു ബിനീഷുമായി ബിനാമി ബന്ധമുണ്ടോ എന്നും അന്വേഷിക്കും.വീണ്ടും വിളിച്ചപ്പോഴും പ്രതിചേര്‍ക്കുമെന്ന സൂചനയില്ലാതിരുന്നതിനാല്‍ ബിനീഷിനു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാനായില്ല.

read also: ‘എംപിയുടെ അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക്’; ‘പെണ്‍കള്‍ ഒരുമൈ’ നേതാക്കള്‍ക്കൊപ്പം സുരേഷ് ഗോപി

അറസ്റ്റ് ചെയ്തതിനൊപ്പം ബിനീഷിന്റെ മൊെബെല്‍ ഫോണ്‍ ഇ.ഡി. പിടിച്ചെടുത്തു. അതിലെ വിവരങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കും. ഓഗസ്റ്റ് 21-നാണ് മുഹമ്മദ് അനൂപ്, പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സിനിമ-സീരിയല്‍ നടി അനിഘ എന്നിവര്‍ മയക്കുമരുന്നുകേസില്‍ അറസ്റ്റിലായത്.

അനൂപ് അടുത്ത സുഹൃത്താണെന്നും പണം നല്‍കി സഹായിച്ചിട്ടുണ്ടെന്നും മയക്കുമരുന്നിടപാടിനെപ്പറ്റി അറിവില്ലായിരുന്നെന്നുമായിരുന്നു ബിനീഷിന്റെ വിശദീകരണം. ലോക്ക്ഡൗണിനിടെ ഇരുവരും പങ്കെടുത്ത് കോട്ടയം കുമരകത്ത് ലഹരിപ്പാര്‍ട്ടി നടന്നെന്ന ആരോപണവുമുയര്‍ന്നു. മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊന്നോട്ടെ എന്നായിരുന്നു വിവാദവേളയില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button