ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 92 വയസായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയായ വ്യക്തിയുമാണ് കേശ്ഭായ് പട്ടേല്‍. ശ്വാസ തടസം കാരണം കുറച്ച് നാളായി ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ മാസം ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നു.
1995ലും 1998 മുതല്‍ 2001 വരെയുമാണ് കേശഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. ആറ് തവണ ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980കളില്‍ ബിജെപിയുടെ ശക്തനായ നേതാവായിരുന്നു ഇദ്ദേഹം. 2012ല്‍ ബിജെപിയുമായി ഉടക്കി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ശേഷം ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു.
2012ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ അനാരോഗ്യം കാരണം 2014ല്‍ രാജിവയ്ക്കുകയായിരുന്നു. കേശുഭായ് പട്ടേലിന്റെ രാഷ്ട്രീയമായ പതന കാലഘട്ടമാണ് നരേന്ദ്ര മോദിയുടെ വളര്‍ച്ചയുടെ കാലമെന്ന് പറയാറുണ്ട്. കേശുഭായ് പട്ടേലിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായത് നരേന്ദ്ര മോദിയാണ്.
Post Your Comments