തിരുവനന്തപുരം : ഇടതുസര്‍ക്കാര്‍ അട്ടിമറിച്ച വാളയാര്‍ കേസില്‍ നീതിക്കായി സമരം ചെയ്യുന്ന പെണ്‍കുട്ടികളുടെ അമ്മയെ ഭീഷണിപ്പെടുത്തുകയാണ് മന്ത്രി എ.കെ ബാലനെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്തിനു വേണ്ടിയാണ് ഇരകളുടെ അമ്മ സമരം ചെയ്യുന്നതെന്ന ബാലന്റെ ചോദ്യം മനുഷ്യത്വവിരുദ്ധമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
എന്തിനാണ് സമരം എന്ന് ചോദിക്കുന്ന ബാലന്‍ സര്‍ക്കാരിന്റെ ദൂതനെ രക്ഷിതാക്കളുടെ അടുത്തേക്ക് അയച്ചത് എന്തിനായിരുന്നു? പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ക്രൂരമായ പീഡനത്തിനിരയാക്കിയ ശേഷം കെട്ടിത്തൂക്കി കൊന്ന കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഇരകളുടെ അമ്മയെ അപമാനിക്കുകയാണ്. സമരം ചെയ്യാന്‍ എ.കെ ബാലന്റെയോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയോ അനുമതിയുടെ ആവശ്യമില്ല. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിനിഷേധത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ വീണ്ടുമൊരു സമരത്തിലേക്ക് കടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതികള്‍ക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പു നല്‍കിയ മുഖ്യമന്ത്രി അത് പാലിച്ചില്ല എന്ന് മാത്രമല്ല കേസ് അട്ടിമറിച്ച ഡിവൈ.എസ്പി സോജന്‍, എസ്‌ഐ ചാക്കോ എന്നിവര്‍ക്ക് സ്ഥാനക്കയറ്റവും നല്‍കി. ഇരകളുടെ മാതാപിതാക്കളെ കൊണ്ട് കാലില്‍ വീഴിപ്പിച്ച മുഖ്യമന്ത്രിയുടെ ചിത്രം കേരളം മറന്നിട്ടില്ലെന്ന് സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.
രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ ഈ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം നിന്ന് നീതി അട്ടിമറിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കള്‍ വീണ്ടുമൊരു സമരത്തിലേക്ക് കടന്നിരിക്കുന്നത്. ഉത്തരേന്ത്യയിലെ പീഡനങ്ങള്‍ മാത്രം കാണുന്ന സി.പി.എം കേന്ദ്രനേതൃത്വവും രാഹുല്‍ ഗാന്ധിയും കേരളത്തിലെ ദളിത് പെണ്‍കുട്ടികള്‍ നേരിട്ട ദുരവസ്ഥയെ പറ്റി മിണ്ടാത്തത് ഇരട്ടത്താപ്പാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. നാളെ(26ന്) രാവിലെ സമരപ്പന്തല്‍ സന്ദര്‍ശിക്കുമെന്നും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കും വരെ ബി.ജെ.പി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments