മുടിക്കു വേണ്ടി പലതും ചെയ്യുന്നുണ്ട്, പക്ഷേ മുടി വളരുന്നില്ല താനും’. ഭൂരിഭാഗം പേരും ആവലാതിപ്പെടുന്ന കാര്യമാണിത്. അത്തരക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളുടെ മുടിയുടെ പരമാവധി പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഉത്തമമായൊന്നുണ്ട്, മുട്ട. പോഷകങ്ങളുടെ കൂടാരമായാണ് മുട്ട അറിയപ്പെടുന്നത്. മുടി പൊട്ടുന്നതിനും കൊഴിച്ചിലിനുമൊക്കെ പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ശരീരത്തിലെ വിറ്റാമിന്റെ അപര്യാപ്തതയാണ്. വിറ്റാമിൻ എ,ബി,ഡി,ഇ, കെ എന്നിവയാൽ സമ്പന്നമായ മുട്ട മുടിയുടെ ഭൂരിഭാഗം പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നു. മുട്ടകൊണ്ടുള്ള ചില ഹെയർപാക്കുകളാണ് ഇത്.
ഒലിവ് ഓയിലും മുട്ടയും
ഒരു മുട്ടയും മൂന്നു ടീസ്പൂൺ ഒലീവ് ഓയിലും എടുത്തു നന്നായി മിക്സ് ചെയ്യുക. ഇത് ശിരോചർമത്തിൽ നന്നായി പുരട്ടാം. അരമണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിക്കളയാം. ഇതു മുടിയെ തിളക്കമുള്ളതാക്കുന്നതിനൊപ്പം മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടികൊഴിച്ചിലിനെ നീക്കം ചെയ്യുകയും ചെയ്യും.
നാരങ്ങാനീരും മുട്ടയും
ഒരു പാത്രത്തിൽ ഒരു മുട്ട മുഴുവനായെടുത്തത് അടിച്ച് അതിലേക്ക് മൂന്നു ടീസ്പൂൺ നാരങ്ങാനീരു ചേർത്ത് നന്നായി ഇളക്കുക. മുടി കൊഴിച്ചിലിനു പ്രധാന കാരണമായ തലയിലുണ്ടാകുന്ന സ്വാഭാവികമായ എണ്ണമയത്തെ തടയാൻ മികച്ചതാണ് നാരങ്ങാനീര്. ഈ മിശ്രിതം തലയിൽ പുരട്ടി നന്നായി മസാജ് ചെയ്യാം. രണ്ടുമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളഞ്ഞ ശേഷം ഷാംപൂ ചെയ്യാം. ആഴ്ചയിലൊരിക്കൽ ഇപ്രകാരം ചെയ്യുന്നത് ഫലം ചെയ്യും.
തൈരും മുട്ടയുടെ മഞ്ഞയും
മുടിയുടെ നീളത്തിനനുസരിച്ച് തൈര് എടുത്തു വെക്കുക, മിനിമം ഒരു കപ്പെങ്കിലും ഉണ്ടായിരിക്കണം. ഇതിലേക്ക് ഒരു മുട്ടയുടെ മഞ്ഞ ചേർത്ത് ഇളക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് ഈ മിശ്രിതം ശിരോചർമത്തിലും മുടിയിലും തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളംകൊണ്ടു കഴുകുക, ഇതു മുടിക്കു തിളക്കം നൽകും.
തേൻ, തൈര്, വെളിച്ചെണ്ണ, മുട്ടയുടെ മഞ്ഞ
ആരോഗ്യകരമല്ലാത്ത മുടിയാണു നിങ്ങളുടേതെന്നു തോന്നുന്നുണ്ടോ? എന്നാൽ ഈ പാക്ക് നിങ്ങൾക്കു ഗുണം ചെയ്യും. ഒരു മുട്ടയുടെ മഞ്ഞ, ഒരു ടേബിൾസ്പൂൺ തേൻ, ഒരു ടേബിൾസ്പൂൺ തൈര്, അരടീസ്പൂൺ വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമായ സാധനങ്ങൾ. ഇവയെല്ലാം നന്നായി യോജിപ്പിച്ചതിനു ശേഷം മുടിയിൽ പുരട്ടി മൂന്നു മണിക്കൂറോളം വെക്കാം, ശേഷം ഇളംചൂടു വെള്ളത്തിൽ നന്നായി കഴുകാം. ഷാംപൂ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
Post Your Comments