എരുമേലി: വിദ്യാഭ്യാസ വകുപ്പില്‍ ജീവനക്കാരുടെ സ്ഥലം മാറ്റം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ഓണ്‍ലൈന്‍ വഴിയാണ് അധ്യാപകരുടെ സ്ഥലം മാറ്റങ്ങള്‍ നടക്കുന്നത്. ഇതേ മാതൃകയില്‍ മറ്റുള്ളവരുടെ സ്ഥലം മാറ്റവും നടത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത് അംഗീകരിച്ച് ആറുമാസം മുന്‍പ് കോടതി ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവ് എന്‍ജിഒ യൂണിയന് വേണ്ടി സര്‍ക്കാര്‍ മരവിപ്പിച്ചു. വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ ജീവനക്കാര്‍ക്കെതിരായുള്ള മാനദണ്ഡങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതി.
Read Also : ട്രാഫിക് പൊലീസുകാരനെ യുവതി നടുറോഡിലിട്ട് തല്ലി ; വീഡിയോ വൈറൽ
കെഎസ്‌ആര്‍ പ്രകാരം ജില്ലയില്‍ അഞ്ച് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ക്കും, മൂന്നു വര്‍ഷം പൂര്‍ത്തിയാക്കുന്ന രോഗികള്‍, അംഗവൈകല്യമുള്ളവര്‍, മറ്റ് അവശതയനുഭവിക്കുന്ന ജീവനക്കാര്‍ എന്നിവര്‍ക്കും ജില്ലയ്ക്ക് പുറത്ത് സ്ഥലംമാറ്റത്തിന് അവകാശമുണ്ട്. എന്നാല്‍ ക്ലര്‍ക്ക് മുതല്‍ താഴെയുള്ള ജീവനക്കാരെ പുതിയ ഉത്തരവില്‍ നിന്നും ബോധപൂര്‍വം ഒഴിവാക്കിയിരിക്കുകയാണ്. ജൂനിയര്‍ സൂപ്രണ്ട് മുതല്‍ മുകളിലേക്കുള്ളവരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കാനാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ജില്ലയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് അന്തര്‍ജില്ലാ സ്ഥലംമാറ്റം അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കുമാര്‍ ജൂനിയര്‍ സൂപ്രണ്ടന്റായി അതേ ഓഫീസില്‍ തന്നെ ജോലി തുടരുകയുമാണ്. കെഎസ്‌ആര്‍ പ്രകാരം നിശ്ചിത വര്‍ഷം സര്‍വീസ് പൂര്‍ത്തീകരിച്ച എല്ലാ ജീവനക്കാര്‍ക്കും സ്ഥലം മാറ്റത്തിന് അവകാശമുണ്ടെന്നും, ഇപ്പോഴത്തെ ഉത്തരവ് എന്‍ജിഒ യൂണിയനുകളില്‍പ്പെട്ടവരെ സഹായിക്കാനാണെന്നും ജീവനക്കാര്‍ പറയുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ അനുകമ്ബാര്‍ഹരുടെ (അവശതയനുഭവിക്കുന്നവര്‍) സ്ഥലം മാറ്റം ഈ വര്‍ഷം നടപ്പാക്കാന്‍ കഴിയില്ലെന്നും അടുത്ത വര്‍ഷത്തെ പൊതുസ്ഥലംമാറ്റത്തിന് മുന്നോടിയായി ഇവരെ പരിഗണിക്കുമെന്നും ഉത്തരവിലുണ്ട്. എന്നാല്‍ നിലവില്‍ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച് ഒഴിവുകള്‍ നികത്തിയ ശേഷം പിന്നീട് പരിഗണിക്കാമെന്ന വാദം ദുരിതമനുഭവിക്കുന്നവരോടുള്ള വഞ്ചനയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments