കാഠ്മണ്ഡു: കലാപത്തീയിൽ കമ്യൂണിസ്റ്റ് പാർട്ടി. ഇന്ത്യയുടെ ചാരസംഘടന റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മേധാവി സാമന്ത് കുമാര്‍ ഗോയല്‍ നേപ്പാളില്‍ അനൗദ്യോഗിക സന്ദര്‍ശനം നടത്തി. ഒൻപതംഗ സംഘത്തിനൊപ്പം ബുധനാഴ്ച ( ഒക്ടോബർ-21) നേപ്പാള്‍ തലസ്ഥാനത്ത് എത്തിയ ഗോയല്‍ ചര്‍ച്ചകള്‍ക്കുശേഷം ഇന്ത്യയിലേക്കു മടങ്ങി.
അതേസമയം നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി, മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പകമല്‍ ദഹല്‍ (പ്രചണ്ഡ), ബഹാദുര്‍ ദുബെ, മാധവ്കുമാര്‍ നേപ്പാള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയെന്നാണു റിപ്പോര്‍ട്ട്. എന്നാൽ പ്രധാനമന്ത്രിയെന്ന നിലയിലും പാര്‍ട്ടി ചെയര്മാന് എന്ന നിലയിലും ഒലിയുടെ പ്രവര്‍ത്തന ശൈലിക്കെതിരെ മുതിര്‍ന്ന നേതാക്കളായ പ്രചണ്ഡയും മാധവ്കുമാറും കലാപക്കൊടി ഉയര്‍ത്തിയതോടെയാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായത്.
ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ നവംബര്‍ മൂന്നിന് നേപ്പാള്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായാണ് റോ മേധാവി എത്തിയതെന്നതു ശ്രദ്ധേയമാണ്. നിലവിലെ നേപ്പാള്‍ ഭരണകൂടം ചൈനയുമായി അടുക്കുന്നു എന്നതാണ് ഇന്ത്യയെ അസ്വസ്ഥപ്പെടുത്തുന്നത്. ഉത്തരാഖണ്ഡിലെ ദര്‍ചുലയെ ലിപുലേഖ് പാസുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റര്‍ തന്ത്രപ്രധാന പാത മേയ് എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യ- നേപ്പാള്‍ ബന്ധത്തില്‍ വിള്ളല്‍ വീണത്.
പ്രചണ്ഡയും ഒലിയും തമ്മില്‍ ഓഗസ്റ്റില്‍ ധാരണയിൽ എത്തിയിരുന്നെങ്കിലും പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞയാഴ്ച അവിശ്വാസ പ്രമേയം വന്നതു വീണ്ടും പ്രശ്നങ്ങള്‍ക്കു കാരണമായി. പ്രചണ്ഡയുടെ അടുപ്പക്കാരനായ കര്‍ണാലി പ്രവിശ്യ മുഖ്യമന്ത്രി മഹേന്ദ്ര ബഹാദുര്‍ ഷാഹിക്കെതിരെ ഒലി വിഭാഗവും അവിശ്വാസപ്രമേയം കൊണ്ടുവന്നു. പ്രചണ്ഡയുമായുള്ള അഭിപ്രായഭിന്നതകള്‍ ഇന്ത്യയുടെ സഹായത്തോടെ പരിഹരിക്കണമെന്ന് ഒലി ആഗ്രഹിക്കുന്നുണ്ടെന്നും ആ സാഹചര്യത്തിലാണ് റോ മേധാവി കാഠ്മണ്ഡുവിൽ എത്തിയതെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.
ഗോയലിന്റെ സന്ദര്‍ശനം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്നു നേപ്പാളി കോണ്‍ഗ്രസ് നേതാവ് ധന്‍രാജ് ഗുരുങ് പറഞ്ഞു. എന്നാല്‍ ഗോയലുമായി ഒലി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് സൂര്യ ഥാപ്പ നിഷേധിച്ചു. മറ്റൊരു രാജ്യത്തെ അന്വേഷണ ഏജന്‍സി മേധാവിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതിനെതിരെ നേപ്പാളില്‍ വിവാദവും പൊട്ടിപ്പുറപ്പെട്ടു.
എന്നാൽ ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ലിപുലേഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഭൂപടവുമായി നേപ്പാള്‍ രംഗത്തുവന്നു. ഈ മേഖലകള്‍ ഉള്‍പ്പെടുത്തി 2019ല്‍ ഇന്ത്യ ഭൂപടം പ്രസിദ്ധീകരിച്ചിരുന്നു. നേപ്പാളിന്റെ ഏകപക്ഷീയ നടപടിക്കെതിരെ ഇന്ത്യ കടുത്ത എതിര്‍പ്പ് അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ ഭൂപടത്തിന് ജൂണില്‍ നേപ്പാള്‍ പാര്‍ലമെന്റ് അംഗീകാരം നല്കി.
Post Your Comments