കൊച്ചി: കളമശേരി മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി. ചികിത്സയിലിരിക്കെ മരിച്ച ആലുവ സ്വദേശിനി രാധാമണിയുടെ ആഭരണങ്ങള്‍ ആശുപത്രിയില്‍ വച്ച് തന്നെ നഷ്ടപ്പെട്ടു എന്നാണ് പരാതി. കോവിഡ് നെഗറ്റീവാണെന്ന വിവരം ബന്ധുക്കളെ വൈകിയാണ് അറിയിച്ചതെന്നും മൃതദേഹം പ്രോട്ടോകോള്‍ അനുസരിച്ച് സംസ്കരിക്കേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാധാമണിയുടെ മക്കള്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
പനിയും കഫക്കെട്ടും ബാധിച്ച രാധാമണിയെ ജൂലൈ 20നാണ് കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആദ്യം ആലുവയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് പരിശോധനയ്ക്കും മറ്റുമായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രണ്ടു ദിവസവും ആരോഗ്യനിലയെക്കുറിച്ച് ഒരു മുന്നറിയിപ്പും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. രണ്ടു ദിവസത്തിനു ശേഷമാണ് ആരോഗ്യം മോശമായതായി ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. അന്നു തന്നെ കോവിഡ് ബാധിതയല്ലെന്ന പരിശോധനാഫലവും വന്നു. ഇതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഇതിനായി ആംബുലന്‍സ് സൗകര്യവും ഏര്‍പ്പാടാക്കി. അതിനിടെയാണ് മരണവാര്‍ത്ത വരുന്നത്. കോവിഡ് പരിശോധനാഫലം നേരത്തെ ലഭ്യമാക്കിയിരുന്നെങ്കില്‍ രാധാമണിക്ക് വിദഗ്ധ ചികിത്സ നല്‍കാമായിരുന്നെന്നാണ് ബന്ധുക്കളുടെ വാദം.
കോവിഡ് ഇല്ലെങ്കിലും സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരമാകണം എന്നായിരുന്നു അധികൃതരുടെ നിര്‍ദേശം. രാധാമണിയുടെ മൃതദേഹം ബാഗില്‍ നിന്ന് പുറത്ത് എടുക്കരുതെന്നും പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാരണത്താല്‍ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസാനമായി രാധാമണിയെ ഒരു നോക്ക് കാണുവാന്‍ പോലും സാധിച്ചില്ല.
മൃതദേഹത്തിനൊപ്പം ആശുപത്രിയില്‍ നിന്ന് കൈമാറിയ വസ്തുക്കളില്‍ മുഴുവന്‍ ആഭരണങ്ങളും ഇല്ലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. രണ്ടര പവനോളം തൂക്കം വരുന്ന വളകളാണ് നഷ്ടപ്പെട്ടത്. ആഭരണം കുറവാണെന്ന് മൃതദേഹം കൈമാറുമ്ബോള്‍ തന്നെ ബന്ധുക്കള്‍ക്ക് മനസിലായെങ്കിലും അതു സംബന്ധിച്ച പരാതി പറയുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കുന്നത്. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.
Post Your Comments