ന്യൂഡല്‍ഹി: ലേ ചൈനയുടെ ഭാഗമാണെന്ന് ട്വിറ്ററിൽ തെറ്റായ വിവരം. തെറ്റായ വാര്‍ത്തയ്‌ക്കെതിരെ ഇന്ത്യ മുന്നറിയിപ്പ് നൽകി. ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ പ്രദേശങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയനുസരിച്ചു രാജ്യത്തിന്റെ അവിഭാജ്യവും അന്യാധീനപ്പെടുത്താന്‍ സാധിക്കാത്തതുമായ പ്രദേശങ്ങളാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതില്‍ എതിര്‍പ്പ് അറിയിച്ച് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിക്ക് കേന്ദ്രം കത്തയച്ചു. ഐടി സെക്രട്ടറി അജയ് സാവ്‌നിയാണ് കത്തയച്ചത്.
ഇന്ത്യന്‍ പൗരന്മാരുടെ വികാരങ്ങളെ ബഹുമാനിക്കണമെന്നു സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ആസ്ഥാനം ലേയാണ്. ഈ പ്രദേശമാണു ചൈനയുടേതാണെന്ന രീതിയില്‍ ട്വിറ്റര്‍ കാണിച്ചത്. സമൂഹമാധ്യമങ്ങളിലെ ലൊക്കേഷന്‍ സെറ്റിങ്‌സില്‍ ലേ ചൈനയുടെ ഭാഗമാണെന്ന രീതിയില്‍ കാണിക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.ലഡാക്കിലെ ഏറ്റവും വലിയ ടൗണാണ് ലേ. ഇന്ത്യയുടെ പരമാധികാരത്തോട് അനാദരവ് കാണിച്ച നടപടി അംഗീകരിക്കാനാകില്ല. ഇതു നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇത്തരം നടപടികള്‍ അപകീര്‍ത്തികരമാണ്. ട്വിറ്ററിന്റെ നിഷ്പക്ഷതയ്‌ക്കെതിരെ ചോദ്യങ്ങള്‍ ഉയരുന്നതിന് ഇടയാക്കുമെന്നും സാവ്‌നി ചൂണ്ടിക്കാട്ടി. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വഷളായിരിക്കെയാണു ട്വിറ്ററില്‍ ഭൂപടത്തിന്റെ കാര്യത്തില്‍ പിഴവുണ്ടായത്. ഇന്ത്യയും ചൈനയും തമ്മില്‍ പ്രശ്‌ന പരിഹാരത്തിനായി സൈനിക നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയിരുന്നു.
Post Your Comments