CinemaLatest NewsNews

തടിയുള്ള കുട്ടികളെ ഉപ്പുമാങ്ങാ ഭരണിയെന്നോ ഉണ്ടപ്പാറുവെന്നോ വിളിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ഓർക്കണം; ദ്രോഹമാണത്…ചെയ്യരുത്; വൈറലായി കുറിപ്പ്

പല തമാശകളും കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്ന ആഘാതം നമ്മുടെ ചിന്തയ്ക്കും അപ്പുറത്താണെന്ന്... ദ്രോഹമാണത്.

ഇന്ന് ഒട്ടേറെ കുട്ടികൾ അപമാന ഭയത്താലും , വിമർശനങ്ങൾ ഭയന്നും ഏത് വിധേനയും പട്ടിണി കിടന്നും സീറോ സൈസ് രൂപം സ്വന്തമാക്കാൻ കഷ്ട്ടപ്പെടുന്നു. അതിനെതിരെ പ്രതികരിച്ചും, ബോഡി ഷെയ്മിംങ് നടത്തരുതെന്നും കർശനമായി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത അവതാരിക അശ്വതി ശ്രീകാന്ത്.

കുറിപ്പ് വായിക്കാം……

സ്കൂൾ ക്ലാസ് റൂമിൽ തലചുറ്റി വീണ സുഹൃത്തിന്റെ മകളെയോർത്തു ഈ ചിത്രം കണ്ടപ്പോൾ. പന്ത്രണ്ടു വയസ്സുകാരി. ക്ലാസ്സിലുള്ള മറ്റു കുട്ടികളെക്കാൾ കൂടുതൽ ശാരീരിക വളർച്ച ഉള്ളതുകൊണ്ട് തന്നെ സ്കൂളിൽ നിന്ന് നേരെ പരിഹാസം കേൾക്കേണ്ടി വന്നിരിക്കണം. പട്ടിണി കിടന്ന് വണ്ണം കുറക്കുക എന്നതാണ് അവൾ കണ്ടു പിടിച്ച വഴി. വീട്ടിൽ നിന്ന് കൊടുത്തു വിടുന്ന ഭക്ഷണം സ്കൂളിലെ വേസ്റ്റ് ബോക്സിനു കൊടുത്തിട്ട് വെള്ളം കുടിച്ചു പകൽ തള്ളി നീക്കും. വീട്ടിൽ വന്നാലും ഒരു ചപ്പാത്തിയോ ഒരു കഷ്ണം റൊട്ടിയോ മാത്രം കഴിച്ച് വിശപ്പടക്കും. പതിയെ പതിയെ ആഹാരം കാണുമ്പോഴേ മടുപ്പു തോന്നുന്ന അവസ്ഥയിൽ എത്തി കാര്യങ്ങൾ. ഒടുവിൽ സ്കൂളിൽ നിന്ന് നേരെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വീട്ടുകാർക്ക് പോലും കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്.

അത് കൊണ്ട് പ്രിയപ്പെട്ട കൗമാരക്കാരോട്…
ആഹാരം ഉപേക്ഷിക്കലോ യൂട്യൂബ് ഗുരുക്കന്മാരുടെ ഡയറ്റിങ് ടിപ്സ് അന്ധമായി ഫോളോ ചെയ്യലോ അല്ല ഈ പ്രായത്തിൽ നിങ്ങൾ ചെയ്യേണ്ടത്. ശാരീരികമായും മാനസികമായും ഏറ്റവും അധികം മാറ്റങ്ങളിലൂടെ കടന്നു പോകുന്ന മനോഹരമായ പ്രായമാണത്. ഏറ്റവും ന്യൂട്രിഷ്യസ് ആയ ആഹാരം നിങ്ങൾക്ക് വേണ്ട പ്രായം. നാളെ നിങ്ങൾ അനുഭവിക്കേണ്ട സന്തോഷങ്ങൾ,സങ്കടങ്ങൾ,
പോകേണ്ട യാത്രകൾ, ചെയ്യേണ്ട സാഹസികതകൾ, എക്സ്പ്ലോർ ചെയ്യേണ്ട അനുഭവങ്ങൾ ഒക്കെത്തിനും കട്ടയ്ക്ക് കൂടെ നിൽക്കേണ്ടത് ഈ ശരീരമാണ്.

അതിനായി ഒരുങ്ങേണ്ട പ്രായത്തിൽ ഭക്ഷണം ഒഴിവാക്കി മനസ്സിനെയും ശരീരത്തെയും ഒരു പോലെ പീഡിപ്പിക്കുന്നത് എത്ര ഗുരുതരമായ പ്രത്യഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആലോചിച്ചു നോക്കു. അമിത വണ്ണം ആരോഗ്യ പ്രശ്നം തന്നെയാണ്.

അതിനെ ഒഴിവാക്കാൻ ജീവിത ശൈലി മാറ്റുകയും വിഗദ്ധരുടെ സഹായത്തോടെ കൃത്യമായ ആഹാര രീതികൾ തെരെഞ്ഞെടുക്കുകയുമാണ് ചെയ്യേണ്ടത്. അല്ലാതെ നല്ല ഭക്ഷണത്തിനോട് നോ പറഞ്ഞിട്ടല്ല.

സൈസ് സീറോ സുന്ദരിമാരെ കണ്ട് അതുപോലെയാവാൻ പട്ടിണി കിടക്കുന്ന കൗമാരക്കാരോട് മുതിർന്നവർ പറഞ്ഞു കൊടുക്കണം, അൺഹെൽത്തി ഡയറ്റിന്റെ ഫലം അനാരോഗ്യം മാത്രമായിരിക്കും എന്ന്.

പിന്നെ അല്പം തടിയുള്ള കുട്ടികളെ ഉപ്പുമാങ്ങാ ഭരണിയെന്നോ ഉണ്ടപ്പാറുവെന്നോ നിസ്സാരമായി വിളിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും ഓർക്കണം, നിദോഷമെന്ന് നമ്മൾ കരുതുന്ന പല തമാശകളും കുട്ടികളുടെ മനസ്സിൽ ഉണ്ടാക്കുന്ന ആഘാതം നമ്മുടെ ചിന്തയ്ക്കും അപ്പുറത്താണെന്ന്… ദ്രോഹമാണത്…ചെയ്യരുത് !!

എന്ന്
പണ്ട് പലരും എലുമ്പിയെന്നും ഇപ്പോൾ തടിച്ചിയെന്നും വിളിക്കാറുള്ള, Dieting fads ഒന്നും ഫോളോ ചെയ്യാത്ത ചേച്ചി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button