ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊറോണവൈറസ് വാക്സിന് പരീക്ഷണത്തിൽ പങ്കെടുത്ത ബ്രസീലിയൻ യുവ ഡോക്ടർ മരിച്ചു. ഡോ.ജാവോ പെദ്രോ ഫീറ്റോസയാണ് മരിച്ചത്.ബ്രസീലിയൻ ആരോഗ്യ വിഭാഗമായ അൻവിസയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേതൃത്വം നൽകുന്ന ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ട് തരം വാക്സിനാണ് നിലവിൽ പരീക്ഷണത്തിന് തയ്യറായ വ്യക്തികൾക്ക് നൽകുന്നത്. ഒരു വിഭാഗത്തിന് കുത്തിവയ്ക്കുന്നത് കോവിഡ് വാക്സിനും രണ്ടാം വിഭാഗത്തിന് കുത്തിവയ്ക്കുന്നത് മെനിഞ്ജൈറ്റിസിന് ഉപയോഗിക്കുന്ന വാക്സിനുമാണ്.
മരിച്ച യുവ ഡോക്ടർക്ക് കോവിഡ് വാക്സിനല്ല കുത്തിവച്ചതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഏത് വാക്സിൻ ആർക്കാണ് കുത്തിവയ്ക്കുന്നതെന്ന് അധികൃതർക്കല്ലാതെ മറ്റാർക്കും അറിയില്ല. വാക്സിൻ എത്രമാത്രം ഫലപ്രദമെന്ന് അറിയാനാണ് ഈ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതെന്ന് അധികൃതർ പറയുന്നു. അതേസമയം വാക്സിൻ പരീക്ഷണവുമായി മുമ്പോട്ട് പോകാൻ തന്നെയാണ് പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്ന സംഘത്തിന്റെ നിലവിലെ തീരുമാനം.
Post Your Comments