KeralaLatest NewsNews

പത്തനംതിട്ട ലക്ഷ്യമിട്ട് ബിജെപി; എതിരാളിയായി പോലും കാണുന്നില്ലെന്ന് എൽഡിഎഫും യുഡിഎഫും

നിലവിൽ യുഡിഎഫാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്.

പത്തനംതിട്ട: സംസ്ഥാനത്തെ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരണം ലക്ഷ്യമിട്ട് ബിജെപി. കഴിഞ്ഞ ലേക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് കിട്ടിയതാണ് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നത്. എന്നാൽ ബിജെപിയെ എതിരാളിയായി പോലും കാണുന്നില്ലെന്നാണ് എൽഡിഎഫും യുഡിഎഫും പറയുന്നത്.

അതേസമയം നിലവിൽ യുഡിഎഫാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത്. ആകെ ഡിവിഷനുകൾ 16. കക്ഷിനില യുഡിഎഫ് 11, എൽഡിഎഫ് 5. പക്ഷെ അഞ്ചാണ്ട് മുൻപുള്ള ബിജെപി അല്ല ഇത്തവണ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ജില്ലാ പഞ്ചായത്ത് അടങ്ങുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലം ദേശീയ ബിജെപിയുടെ പട്ടികയിൽ എ ക്ലാസ് മണ്ഡലമാണ്. കെ സുരേന്ദ്രനെ ഇറക്കി നേടിയ 2,97,396 വോട്ടുകൾ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും എൻഡിഎയുടെ കൈകളിൽ ഭദ്രമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.

Read Also: അധികൃതരുടെ പിഴവ്; കോവിഡ് രോഗി മരിച്ച സംഭവത്തിൽ പോലീസ് ഇന്ന് മൊഴിയെടുക്കും

എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണത്തുടർച്ച അവകാശപ്പെടുമ്പോഴും എതിരാളിയായി കാണുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ബാബു ജോർജ്ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഭരണമെന്ന ബിജെപിയുടെ മോഹം തമാശയാണെന്നായിരുന്നു സിപിഎം നേതാവ് കെ അനന്തഗോപന്റെ പ്രതികരണം. അതേസമയം കോന്നി ഉപതെരഞ്ഞെടുപ്പിലെ 39,786 വോട്ടുകളുടെ നേട്ടവും ബിജെപി ക്യാമ്പിൽ പ്രതീക്ഷയുടെ മധുരം കൂട്ടുന്നു. കീറിമുറിച്ചുള്ള കൂട്ടികിഴിക്കലുകളിൽ പത്ത് ഡിവിഷനുകളാണ് പ്രതീക്ഷ. ബിജെപിയിലെയും ബിഡിജെഎസിലെയും പ്രമുഖ മുഖങ്ങളെ തന്നെ ജില്ലാ പഞ്ചായത്തിലിറക്കാനാണ് സംസ്ഥാന എൻഡിഎയുടെ തീരുമാനം.

shortlink

Post Your Comments


Back to top button