കാബൂള്‍: രാജ്യത്തെ നടുക്കി ഭീകരാക്രമണം. വടക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഭീകരാക്രമണം ഉണ്ടായത്. താലിബാന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 34 സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. തഹാര്‍ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ പ്രവിശ്യയിലെ പൊലീസ് മേധാവിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 42പേരാണ് മരിച്ചതെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താലിബാന് ഏറെ സ്വാധീനമുളള പ്രദേശത്താണ് ആക്രമണം നടന്നത്.റോഡുവക്കിലെ വീടുകളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈനികരുടെ വാഹനവ്യൂഹത്തിനുനേരെ നിറയൊഴിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ സൈനികര്‍ തിരിച്ചടിച്ചു. എന്നാല്‍ ഭീകരര്‍ കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല. പ്രദേശത്തേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
താലിബാനുമായി സമാധാന ചര്‍ച്ചകള്‍ തുടങ്ങിയശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. എന്നാല്‍ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ താലിബാന്‍ തയ്യാറായിട്ടില്ല. ഈ മാസം ആദ്യം, തെക്കന്‍ ഹെല്‍മണ്ട് പ്രവിശ്യയില്‍ നടന്ന രക്തരൂക്ഷിതമായ സംഘര്‍ഷത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇവിടെനിന്ന് പലായനം ചെയ്തത്.
Post Your Comments