തൃശൂർ : കെഎസ്ആർടിസി ബസ്സിൽ കഞ്ചാവ് കടത്തിയിരുന്ന കുറ്റവാളി പിടിയിൽ. കൊടകര സ്വദേശി ഷെമിലാണ് തൃശൂർ കുന്നംകുളത്ത് വച്ച് പിടിയിലായത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഷെമിൽ. എക്‌സൈസിന്റെ ഓപ്പറേഷൻ ബ്രിഗേഡ് പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കാസർഗോഡ് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലെ യാത്രക്കാനായിരുന്നു ഷെമിൽ. കാസർകോഡ് നിന്നും 2 കിലോ കഞ്ചാവ് 35000 രൂപയ്ക്ക് വാങ്ങിയാണ് ഇയാൾ തൃശൂരിലേക്ക് യാത്ര തിരിച്ചത്. തൃശൂർ നഗരത്തിൽ ഒരു ലക്ഷം രൂപയ്ക്ക് കഞ്ചാവ് വില്പന നടത്തുകയായിരുന്നു ലക്ഷ്യം.
ഇതിനിടയിലാണ് കുന്നംകുളത്ത് വച്ച് എക്‌സൈസ് റേഞ്ച് ഓഫീസും, ഇന്റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിൽ പുലർച്ചയോടെ ഷെമിൽ പിടിയിലായത്.ഇതിന് മുൻപും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഷമിലെന്ന് പൊലീസ് പറയുന്നു.
പാലക്കാട്, കൊടകര എക്‌സൈസ് ഓഫീസുകളിൽ മാത്രം 6 കിലോ കഞ്ചാവ്, 270 ഗ്രാം ചരസ്സ് എന്നിവ കടത്തിയതിന് മുൻപ് പിടിയിലായിട്ടുണ്ട്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് രൂപം കൊടുത്ത ഓപ്പറേഷൻ ബ്രിഗേഡ് പരിശോധനയുടെ ഭാഗമായി സ്ഥിരം കുറ്റവാളികളെ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുന്നുണ്ട്.
Post Your Comments