ലണ്ടന്‍ : ശമ്പളം കുറവായതിനാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആറുമാസത്തിനുള്ളിൽ പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആവശ്യമായ ശമ്പളം ലഭിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ പരാതി. ബ്രിട്ടീഷ് മാധ്യമമായ ദി ഡെയ്ലി മിററാണ് ബോറിസ് ജോണ്‍സന്‍റെ രാജിക്കാര്യത്തേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇപ്പോൾ 1,50,402 ബ്രിട്ടീഷ് പൗണ്ടാണ് അദ്ദേഹത്തിന്റെ ഒരുവർഷത്തെ ശമ്പളം. (ഏകദേശം ഒന്നര കോടി രൂപ). എന്നാൽ മുൻപ് അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥലത്ത് ഇതിനേക്കാൾ ശമ്പളം ലഭിച്ചിരുന്നു. ടെലിഗ്രാഫില്‍ കോളമിസ്റ്റായി 2,75,000 പൗണ്ടും പ്രസംഗങ്ങളിലൂടെ പ്രതിമാസം 1,60,000 പൗണ്ടും പ്രതിമാസം സമ്പാദിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ആറുമക്കളുള്ള കുടുംബം കഴിയുന്നത് ഇദ്ദേഹത്തിന്റെ ചെലവിലാണ്. ഇതിനൊപ്പം മുൻഭാര്യയ്ക്ക് വിവാഹമോചന നഷ്ടപരിഹാരമായി വലിയൊരു തുക നല്‍കേണ്ടതായും വരുന്നതാണ് സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.
അതേസമയം ചാന്‍സലര്‍ റിഷി സുനാക്, ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബ്, കാബിനറ്റ് ഓഫീസ് ചീഫ് മിഷേല്‍ ഗോവ്, മുന്‍ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് , മുന്‍ ആഭ്യന്തര സെക്രട്ടറി പെന്നി മോര്‍ഡുന്‍റ് എന്നിവരാണ് അടുത്ത പ്രധാനമന്ത്രി പദത്തിലേക്ക് പരിഗണനയിലുള്ളവരെന്നും റിപ്പോർട്ടിൽ പറയുന്നു.
Post Your Comments