Latest NewsIndiaNews

മാനദണ്ഡങ്ങള്‍ ലംഘിച്ചു ; ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണിനും ഫ്‌ലിപ്കാര്‍ട്ടിനും നോട്ടീസ് നല്‍കി കേന്ദ്രം

ദില്ലി : നിര്‍ദ്ദിഷ്ട ഉല്‍പ്പന്നങ്ങളെക്കുറിച്ച് ‘കണ്‍ട്രി ഓഫ് ഒറിജിന്‍’ ഉള്‍പ്പെടെ നിര്‍ബന്ധിത വിവരങ്ങള്‍ നല്‍കാത്തതിനെ തുടര്‍ന്ന് ഇ-കൊമേഴ്സ് ഭീമന്‍മാരായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നിവര്‍ക്ക് കേന്ദ്രം നോട്ടീസ് നല്‍കി. എല്ലാ ഇ-കൊമേഴ്സ് സ്ഥാപനങ്ങളും സെപ്റ്റംബര്‍ 30 നകം തങ്ങളുടെ പ്ലാറ്റ്‌ഫോമുകളില്‍ വില്‍ക്കുന്ന എല്ലാ ഇനങ്ങളിലും ‘ഒറിജിന്‍ രാജ്യം’ അഥവാ ഉത്പ്പന്നം ഏതു രാജ്യത്തിന്റെതാണെന്ന് ടാഗ് ചെയ്യുന്നതിനുള്ള മാനദണ്ഡം പാലിക്കേണ്ടതുണ്ട്. അടുത്തിടെ ഉണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി കലഹത്തെത്തുടര്‍ന്നാണ് ഇത്തരം മാനദണ്ഡങ്ങള്‍ കേന്ദ്രം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി പല ഉത്പ്പന്നങ്ങളും കേന്ദ്രം നിരോധിച്ചിരുന്നു.

അതേസമയം രണ്ട് കമ്പനികള്‍ക്കും നല്‍കിയ നോട്ടീസില്‍, ഉപഭോക്തൃ പരസ്യ മന്ത്രാലയം ബന്ധപ്പെട്ട പരസ്യങ്ങള്‍ പരിശോധിക്കുമ്പോള്‍, ലീഗല്‍ മെട്രോളജി (പാക്കേജുചെയ്ത ചരക്ക്) ചട്ടങ്ങള്‍ അനുസരിച്ച് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉത്പ്പന്നങ്ങളുടെ നിര്‍മിച്ച രാജ്യങ്ങള്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് 15 ദിവസത്തിനകം ആവശ്യമായ വിവരങ്ങള്‍ നല്‍കാനും നോട്ടീസിന് മറുപടി നല്‍കാനും മന്ത്രാലയം ഇരു കമ്പനികളോടും ആവശ്യപ്പെട്ടു, അല്ലാത്തപക്ഷം അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘കണ്‍ട്രി ഓഫ് ഒറിജിന്‍’ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കാനുള്ള പ്രചാരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) സര്‍ക്കാരിന്റെ നീക്കത്തെ പ്രശംസിച്ചു. സിഐഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ ഈ തീരുമാനത്തെ ധീരമായ ഒരു നടപടിയെന്നാണ് വിശേഷിപ്പിച്ചത്.

shortlink

Post Your Comments


Back to top button