Latest NewsKeralaIndia

ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു.

തൃശ്ശൂര്‍: ജ്ഞാനപീഠ ജേതാവും മലയാളത്തിലെ മുതിര്‍ന്ന കവിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അക്കിത്തം വ്യാഴാഴ്ച രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.പതിറ്റാണ്ടുകള്‍ നീണ്ട മഹത്തായ കാവ്യജീവിതത്തിനൊടുവില്‍ 2019 ലെ ജ്ഞാനപീഠ പുരസ്‌കാരം മലയാളത്തിന്റെ മഹാകവിയെ തേടിയെത്തുകയായിരുന്നു.

അതോടെ ജ്ഞാനപീഠം നേടുന്ന ആറാമത്തെ മലയാളി എഴുത്തുകാരനുമായി അക്കിത്തം മാറി. കോവിഡ് വ്യാപനം മൂലം ലളിതമായി സംഘടിപ്പിച്ച ചടങ്ങില്‍ ഭാരതത്തിലെ ഏറ്റവും മഹത്തായ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് മലയാളത്തിന്റെ ഇതിഹാസ കവി വിടവാങ്ങുന്നത്. പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍ നമ്പൂതിരിയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് അക്കിത്തത്തിന്റെ ജനനം.

ചെറുപ്പത്തില്‍ തന്നെ സംസ്‌കൃതത്തിലും സംഗീതത്തിലും ജ്യോതിഷത്തിലും അവഗാഹം നേടിയ അദ്ദേഹം 1946 മുതല്‍ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. ഉണ്ണിനമ്പൂതിരിയിലൂടെ സമുദായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയ അദ്ദേഹം മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തില്‍ എഡിറ്ററായും ചുമതല വഹിച്ചിട്ടുണ്ട്. 1985ല്‍ ആകാശവാണിയില്‍ നിന്ന് വിരമിച്ചു.

കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍, നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, കളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.

read also: സ്വന്തം ഭൂമിയില്‍ വീട് വയ്ക്കാന്‍ അനുമതി വേണമെങ്കിൽ കൈക്കൂലി നൽകണം ; ദയാവധം ആവശ്യപ്പെട്ട് സര്‍ക്കാരിന് അപേക്ഷ നല്‍കി വയോധികന്‍

ബലിദര്‍ശനം എന്നകൃതിക്ക് 1972 ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ചു. 1973 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974 ലെ ഓടക്കുഴല്‍ അവാര്‍ഡ്, സഞ്ജയന്‍ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, അമൃതകീര്‍ത്തി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള 2008 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം , 2008 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കരം, 2012ലെ വയലാര്‍ അവാര്‍ഡ്, 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ലെ പത്മശ്രീ പുരസ്‌കാരം, ജ്ഞാനപീഠ സമിതിയുടെ മൂര്‍ത്തിദേവി പുരസ്‌കാരം തുടങ്ങിയവ മഹാകവി അക്കിത്തത്തിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button