കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി വികസന കോർപറേഷനിലെ തോട്ടണ്ടി അഴിമതിക്കേസ് പ്രതികളെ രക്ഷിക്കാനൊരുങ്ങി സർക്കാർ. കോർപറേഷൻ ചെയർമാനായിരുന്ന ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, മാനേജിങ് ഡയറക്ടറായിരുന്ന കെ.എ.രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകേണ്ടതില്ലെന്ന് സർക്കാർ.
എന്നാൽ അനുമതി നൽകിയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ തീരുമാനമാണു വൻരാഷ്ട്രീയ കുംഭകോണത്തെ അട്ടിമറിക്കപ്പെട്ടത്. അനുമതി ഇല്ലെന്നു സിബിഐയെ അടുത്ത ദിവസം സർക്കാർ അറിയിക്കുമെന്നാണു വിവരം. 2006 മുതൽ 2015 വരെ കശുവണ്ടി വികസന കോർപറേഷൻ നടത്തിയ തോട്ടണ്ടി ഇടപാടിൽ കോർപറേഷനു കോടികളുടെ നഷ്ടം സംഭവിച്ചെന്നാണു കേസ്. 2005 മുതൽ 2015 വരെ കോർപറേഷൻ എംഡിയായിരുന്നു രതീഷ്. ചന്ദ്രശേഖരൻ 2012 മുതൽ 2015 വരെ ചെയർമാനും. രതീഷ് നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയാണ്.
500 കോടിയിലേറെ രൂപ തോട്ടണ്ടി ഇറക്കുമതിയിൽ തട്ടിപ്പു നടന്നെന്ന പരാതിയെത്തുടർന്നു ഹൈക്കോടതി ഉത്തരവു പ്രകാരം 2016ൽ കേസ് ഏറ്റെടുത്ത സിബിഐ 5 വർഷത്തോളം അന്വേഷണം നടത്തിയാണു സമഗ്രമായ റിപ്പോർട്ട് സഹിതം പ്രോസിക്യൂഷന് അനുമതി തേടിയത്. കഴിഞ്ഞ മേയിൽ ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ എത്തിയ ഫയൽ മാസങ്ങളോളം അനങ്ങിയില്ല. പിന്നീട് കശുവണ്ടി വകുപ്പിലെത്തിയപ്പോൾ മന്ത്രി മേഴ്സിക്കുട്ടിയമ്മ ഒപ്പുവച്ചു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു വിട്ടെങ്കിലും അവിടെ നിന്നു നിയമോപദേശത്തിനായി നിയമവകുപ്പിലേക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിലേക്കും അയയ്ക്കുകയായിരുന്നു. അതേസമയം ചന്ദ്രശേഖരനും രതീഷിനും ഭരണത്തിന്റെയും സിപിഎമ്മിന്റെയും ഉന്നത കേന്ദ്രങ്ങളിലുള്ള അടുത്ത ബന്ധം ചർച്ചയായിരുന്നു.
Post Your Comments