പാരിസ്: ഭീകരപ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം എത്തുന്നത് നിയന്ത്രിക്കാൻ രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന യുഎൻ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയിൽ നിന്ന് ഒഴിവാകാൻ ചൈനയുടെ പിന്തുണ തേടി പാകിസ്താൻ. ചൈനയ്ക്ക് പുറമെ മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ പിന്തുണയും പാകിസ്താൻ തേടിയിട്ടുണ്ട്.
2018 മുതൽ പാകിസ്താൻ എഫ്എടിഎഫിന്റെ ഗ്രേലിസ്റ്റിലാണ്. ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്താതിരിക്കാൻ 40 നിർദേശങ്ങളും 27 നടപടി ആവശ്യങ്ങളും എഫ്എടിഎഫ് പാകിസ്താന് നൽകിയിരുന്നു. 40 നിർദേശങ്ങളിൽ പാകിസ്താൻ ഇതുവരെ നടപ്പാക്കിയത് രണ്ടെണ്ണം മാത്രമാണ്. 27 നടപടി ആവശ്യങ്ങളിൽ കേവലം 14 എണ്ണം മാത്രമാണ് നടപ്പിലാക്കിയത്. ഇനി പാകിസ്താന് അവസരം നൽകാനും എഫ്എടിഎഫിന് സാധിക്കില്ല.
ഒക്ടോബർ 21,23 നാണ് പാകിസ്താനെ ബ്ലാക്ക് ലിസ്റ്റ് ചെയ്യണമോ എന്ന ചർച്ച എഫ്എടിഎഫ് നടത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുക എന്നത് പാകിസ്താന് ചിന്തിക്കാവുന്നതിലും അപ്പുറത്താണ്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വിദേശ എജൻസികളുടെ ധനാഗമ മാർഗങ്ങൾ കൂടി നിലച്ചാൽ രാജ്യത്തിന്റെ അവസ്ഥ പരിതാപകരമായി മാറും. അതേസമയം, എഫ്എടിഎഫ് ചട്ടങ്ങളിൽ അംഗരാജ്യങ്ങളിലെ മൂന്ന് പേർ എതിർപ്പുന്നയിച്ചാൽ ഒരു രാജ്യത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ സാധിക്കില്ല. ഈ വ്യവസ്ഥ മുതലെടുക്കുകയാണ് പാകിസ്താൻ.
ലഷ്കറെ തയിബ, ഫലാഹി ഇൻസാനിയത് ഫൗണ്ടേഷൻ തുടങ്ങിയ ഭീകരസംഘടനകൾക്കുള്ള സാമ്പത്തിക സഹായം തടയുന്നതിലും നടപടിയെടുക്കുന്നതിലും പരാജയപ്പെട്ടതിനാണ് എഫ്എടിഎഫ് 2018ൽ പാക്കിസ്ഥാനെ ‘ഗ്രേ’ പട്ടികയിൽ പെടുത്തിയത്.
Post Your Comments