ന്യുഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ഉത്തര ആന്ധ്രാപ്രദേശ് തീരത്തേക്ക് കടന്ന് കകിനഡയില്‍ പ്രവേശിച്ചു. രാവിലെ 6.30നും 7.30നു മധ്യേ ആന്ധ്രയിലെ കിഴക്ക് വടക്കു കിഴക്കന്‍ തീരമായ നര്‍സപുരിലാണ് ന്യുനമര്‍ദ്ദം ആദ്യമെത്തിയത്. ഇതോടൊപ്പം 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റും എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്തിന്റെ മധ്യ ഭാഗത്തും പടിഞ്ഞാറന്‍ തീരത്തും ശക്തവും അതിശക്തവുമായ മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. അതി തീവ്ര മഴ വരെ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്രയ്ക്കു പുറമേ ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലും വരും മണിക്കൂറുകളില്‍ മഴയെത്തും.
ഇന്നും നാളെയും തെലങ്കാന, കര്‍ണാടകയുടെ തീരങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദക്ഷിണ കൊങ്കണ്‍, ഗോവ, മധ്യ മഹാരാഷ്ട്ര, മറാത്ത വാഡ, ആന്ധ്രാപ്രദേശ്, രായലസീമ, കര്‍ണാടകയുടെ ദക്ഷിണ ഉള്‍പ്രദേശങ്ങള്‍, ദക്ഷിണ ഒഡീഷ, ദക്ഷിണ ചത്തീസ്ഗഡ്, വിദര്‍ഭ, എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക സാധ്യതയുണ്ട്. 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് സൂചനയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു രാവിലെ പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ വെസ്റ്റ് സെന്‍ട്രല്‍, നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് തീരങ്ങളില്‍ മത്സ്യബന്ധനം പാടില്ല. ആന്ധ്രാ-ഒഡീഷ- തമിഴ്നാട്, പുതുച്ചേരി എന്നീ തീരങ്ങളില്‍ ഇന്ന് വൈകിട്ട് വരെ മത്സ്യ ബന്ധനം പാടില്ലെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments