ബെംഗളൂരു: ഒക്ടോബര്‍ ആറു മുതല്‍ കാണാതായ മൈസൂരുവിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്) ശാസ്ത്രജ്ഞനെ വിജയവാഡയില്‍ നിന്ന് കണ്ടെത്തി. വിജയവാഡയുടെ ഏതോ ഒരു കോണില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ മൈസൂരുവിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് ഇക്കാര്യം അന്വേഷിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.
ബാര്‍ക്കിലെ ശാസ്ത്ര ഉദ്യോഗസ്ഥനായ അഭിഷേക് റെഡ്ഡി ഗുല്ല അവിവാഹിതനാണ്. മൈസുരുവില്‍ വാടകയ്ക്ക് ഒരു മുറി എടുത്തായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. സെപ്റ്റംബര്‍ 17 മുതല്‍ അദ്ദേഹം ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. പിന്നീട് ഒക്ടോബര്‍ 5 ന് ഓഫീസ് അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ ഒക്ടോബര്‍ ആറിന് ഓഫീസില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഒക്ടോബര്‍ 6 ന് ഗുല്ല തന്റെ പേഴ്‌സും മൊബൈല്‍ ഫോണും ഒന്നും എടുക്കാതെ ഇരുചക്രവാഹനത്തില്‍ വീട്ടില്‍ നിന്നിറങ്ങി. പിന്നീട് തിരിച്ചെത്തിയില്ല. കാണാതായതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ മേധാവി ടി കെ ബോസ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൈസൂരുവില്‍ നിന്ന് അദ്ദേഹം അപ്രത്യക്ഷനായതിനും വിജയവാഡയില്‍ എത്തിയതിനും കാരണം അറിവായിട്ടില്ല.
Post Your Comments