ന്യൂ ഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കാൻ ഇന്ത്യ-ചൈന ഏഴാം കോർ കമാൻഡർ തല ചർച്ച ഇന്ന് നടക്കും. സംഘർഷ മേഖലകളിൽ നിന്നും സൈന്യത്തെ പൂർണ്ണമായി പിൻവലിക്കാൻ ഇന്ത്യ ശക്തമായി ആവശ്യപ്പെടുമെന്നാണ് വിവരം. ചുഷൂൽ – മോൾഡോയിൽ വച്ചാണ് ചർച്ച.
ഫിംഗർ മേഖലകളിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച ചൈന ക്യത്യമയ വിവരങ്ങൾ നൽകണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ഇത് അംഗികരിച്ച് ചൈന വിശദാംശങ്ങൾ നൽകിയാലാകും ചർച്ചകൾ ഫലം കാണുന്ന തലത്തിലേക്ക് നീങ്ങുന്നത്.
പാം ഗോംഗ് അടക്കമുള്ള മേഖലകളിൽ നിന്ന് ബോധ്യപ്പെടുന്ന രീതിയിൽ പിന്മാറ്റം നടത്തണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അങ്ങനെയെങ്കിൽ ഇന്ത്യയും സൈനിക വിന്യാസം ക്രമേണ കുറയ്ക്കും. പാം ഗോംഗ് ത്സോയുടെ തെക്കേ തീരത്തുള്ള തകുങിൽ അടക്കം ഇന്ത്യ നടത്തിയിട്ടുള്ള വിന്യാസമാണ് ചൈന ചൂണ്ടിക്കാട്ടുന്നത്. ഗുരുങ് ഹിൽ, സ്പാംഗുർ ഗ്യാപ്, മഗർ ഹിൽ, മുഖ്പാരി, റെസാങ് ലാ, റെക്കിൻ ലാ (റെചിൻ മൗണ്ടൻ പാസ്) എന്നീ കുന്നുകളിൽ നിന്ന് തത്ക്കാലം സൈനിക വിന്യാസം ഇന്ത്യ പിൻ വലിയ്ക്കില്ല.
അതേസമയം, മുൻ ചർച്ചകളിൽ ഉണ്ടാക്കിയ ധാരണകളൊന്നും തന്നെ ചൈന പാലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇന്നത്തെ ചർച്ചയിൽ നിന്ന് വലിയ അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കാനാകില്ല. ഇന്നത്തെ ഏഴാം വട്ട സൈനിക തല ചർച്ചയിൽ ഇന്ത്യയ്ക്ക് സമമായി ചൈനയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ആദ്യമായ് ഉൾപ്പെടുത്തി.
ലഫ്റ്റനന്റ് ജനറൽമാരായ ഹരീന്ദർ സിംഗ് പി.ജി.കെ മേനോൻ എന്നിവരാകും ചർച്ചയിലെ ഇന്ത്യയുടെ സൈനിക പ്രതിനിധികൾ. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇത്തവണയും വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നവീൻ ശ്രീവാസ്തവ പങ്കെടുക്കും.
ഇതിന് മുൻപ് സെപ്തംബർ 21നാണ് ആറം ഘട്ട കോർ കമാൻഡർ തല ചർച്ച നടന്നത്. അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ എത്തിക്കുന്നത് ഇരു രാജ്യങ്ങളും നിർത്തിവെയ്ക്കണം എന്നായിരുന്നു ചർച്ചയിൽ ഉണ്ടാക്കിയ ധാരണ. എന്നാൽ ചർച്ചയിലുണ്ടാക്കിയ ധാരണ തെറ്റിച്ച് ചൈന കൂടുതൽ സൈനികരെ അതിർത്തിയിൽ വിന്യസിച്ചിരുന്നു.
Post Your Comments