പെട്ടെന്നൊരു പാർട്ടിക്ക് പോകണം. കരുവാളിപ്പും പാടുകളും വരൾച്ചയും കാരണം മുഖമാകെ വാടി തളർന്നിരിക്കുകയാണ്. പെട്ടെന്നൊരു റീഫ്രഷ് വേണം. മോയിസ്ച്വറൈസിങ്ങും സ്ക്രബിങ്ങും ക്ലെൻസിങ്ങുമൊക്കെ ഒറ്റയടിക്ക് നടന്നാലേ കാര്യമുള്ളൂ. ഇത്തരം സാഹചര്യങ്ങളിൽ പ്രയോഗിക്കാവുന്ന എന്തെങ്കിലും പ്രകൃതിദത്ത മാർഗം ഉണ്ടായിരുന്നെങ്കിൽ എന്നു ചിന്തിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന മികച്ച ഒരു മാർഗമുണ്ട്.
ആവശ്യമുള്ള സാധനങ്ങൾ
നന്നായി പഴുത്ത ഒരു ഓറഞ്ച്, തേന്, പഞ്ചസാര
തയാറാക്കുന്ന വിധം
നന്നായി പഴുത്ത ഓറഞ്ചിനെ നടുവെ മുറിച്ചു മാറ്റിവെക്കുക. ശേഷം ഒരു പാത്രത്തിൽ അൽപം പഞ്ചസാരയെടുത്ത് അതിലേക്ക് ഓറഞ്ച് മുക്കി എടുക്കുക. ഓരോ മുറി ഓറഞ്ചിനും മുകളിലേക്ക് ഓരോ ടീസ്പൂൺ തേൻ ഒഴിക്കുക. ഇനി ഈ ഓറഞ്ചുകൾ കൊണ്ട് വട്ടത്തിൽ മുഖത്തിലും കഴുത്തിലും നന്നായി റബ്ചെയ്യുക. പത്തുമിനിറ്റോളം മൃദുവായി മുഖത്തും കഴുത്തിലും റബ് ചെയ്തതിനു ശേഷം അടുത്ത പത്തു മിനിറ്റ് ആ ജ്യൂസിനെ മുഖത്തു പിടിക്കാൻ അനുവദിക്കുക. ശേഷം നല്ല വെള്ളത്തിൽ മുഖം കഴുകുക.
ഇങ്ങനെ ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ചർമത്തിന് ലഭിക്കുന്നത്. ഓറഞ്ച് നല്ല ക്ലെൻസിങ് ഏജന്റും ഒപ്പം വൈറ്റനിങ് ഏജന്റുമാണ്. സൂര്യപ്രകാശം ഏറ്റു മുഖത്തു വരുന്ന കറുത്ത പാടുകളെ നീക്കം ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.
പഞ്ചസാര വളരെ നല്ലൊരു സ്ക്രബർ ആണ്. അത് മുഖത്തു വച്ച് ഉരസുന്നതിനനുസരിച്ച് അലിയുന്നതുകൊണ്ട് മറ്റു സ്ക്രബുകൾ പോലെ റാഷസ് ഒന്നും ഉണ്ടാക്കില്ല. അതുപോലെ തന്നെ ഏതു ചർമ്മക്കാർക്കും ഉപയോഗിക്കാവുന്ന മോയിസ്ചറൈസർ ആണ് തേൻ. ചർമ്മം ക്ലെൻസ്ഡ് ആവാനും തിളങ്ങാനുമൊക്കെ തേനും മികച്ചതാണ്.
Post Your Comments