തിരുവനന്തപുരം: സംസ്ഥാനത്ത് പാറ ഉല്പന്നങ്ങള് കൊണ്ടുപോകുന്ന ലോറികളിലും ക്വാറികളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വമ്പന്‍ തട്ടിപ്പ് കണ്ടെത്തി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ അനുവാദമില്ലാതെയും ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടും വന്‍തോതില്‍ പാറ കടത്തുന്നതായി കണ്ടെത്തിയാതായി വിജിലൻസ്. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ കരിങ്കല്‍ ക്വാറികളില്‍നിന്നും ക്രഷറുകളില്‍നിന്നും ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെ വാഹനങ്ങളില്‍ പെര്‍മിറ്റ് അളവിലും മൂന്നിരട്ടി ഭാരം വരെ അധികം കയറ്റുന്നതായി വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപറേഷന് സ്റ്റോണ്‍ വാള്’ എന്ന പേരില്‍ മിന്നല്‍പരിശോധന നടന്നത്. അധികമായി കയറ്റുന്ന ലോഡിന് റോയല്‍റ്റി ഇനത്തില്‍ സര്‍ക്കാറിന് കിട്ടേണ്ട കോടികളാണ് ഇങ്ങനെ നഷ്ടമായിരുന്നത്.
എന്നാൽ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ 67 സ്ക്വാഡായി തിരിഞ്ഞ് 306 വാഹനങ്ങള്‍ പരിശോധിച്ചു. 133 വാഹനങ്ങളും പാസില്ലാതെയാണ് വന്നത്. 157 വാഹനങ്ങള്‍ അനുവദിച്ചതിനെക്കാള്‍ ഉയര്‍ന്ന അളവില്‍ ലോഡ് കയറ്റിയതായും കണ്ടെത്തി. ഒട്ടുമിക്ക ക്വാറികളിലും പാസില്ലാത്തവര്‍ക്കും ഉല്പന്നങ്ങള് നല്‍കുന്നതായും പാസുള്ളവര്‍ക്ക് അളവില്‍ കൂടുതല്‍ നല്‍കുന്നതായും കണ്ടെത്തി.
Read Also: കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി നൽകി
വാഹനങ്ങളുടെ വശങ്ങളില് പലകയും മറ്റും താല്‍ക്കാലികമായി ഘടിപ്പിച്ച് വലിപ്പക്കൂടുതലുള്ള ബോഡികളാക്കി മാറ്റിയാണ് അധിക സാധനം കയറ്റുന്നത്. അമിതഭാരം കയറ്റിയതിന് 11 ലക്ഷത്തോളം രൂപ വ്യാഴാഴ്ചമാത്രം മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കി. പ്രാഥമികമായി 27 ക്വാറികളില്‍ ക്രമക്കേട് കണ്ടെത്തി. പല ക്വാറികളിലും പരിശോധന വൈകിയും തുടര്‍ന്നു. കോട്ടയത്ത് 14 ടോറസുകളും ആറ് ടിപ്പറുകളും പിടിച്ചു. ആലപ്പുഴയില്‍ 13 ടോറസുകളും മൂന്ന് ടിപ്പറുകളും പിടികൂടി 1,03,000 രൂപ പിഴ ഈടാക്കി.
പിടിച്ചെടുത്ത വാഹനങ്ങളില്‍ അമിതഭാരം കയറ്റിയവ മോട്ടോര്‍ വാഹനവകുപ്പിനും പാസില്ലാതെ എത്തിയവ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനും കൈമാറി. ഐ.ജി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എസ്.പി ആര്.ഡി. അജിത് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Post Your Comments