തൃശ്ശൂർ : സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. അക്രമി സംഘത്തിലുണ്ടായിരുന്ന ചിറ്റിലങ്ങാട് സ്വദേശികളായ അലിക്കൽ വീട്ടിൽ സുജയ് കുമാർ, കുഴിപ്പറമ്പിൽ വീട്ടിൽ സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. എഫ്.ഐ.ആര്‍ പ്രകാരം ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മാരോണ്‍ അഭിജിത്ത് എന്നിവരെയാണ് പിടികൂടാനുള്ളത്.
ഇന്ന് വൈകിട്ട് തൃശൂര്‍ കേച്ചേരി ഭാഗത്ത് നിന്നാണ് സുനീഷിനേയും സുജയ് കുമാറിനെയും കുന്നംകുളം എ.സി.പി ടി.എസ് സിനോജിന്‍റെ നേതൃത്വിത്തിലുള്ള സംഘം പിടികൂടിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി.
സനൂപിനെ കുത്തിയ ഒന്നാം പ്രതി ചിറ്റിലങ്ങാട് നന്ദൻ കൃത്യം നടത്തിയതിന് ശേഷം കൈകഴുകാനെത്തിയ പുതുകുളം പരിസരത്താണ് തെളിവെടുപ്പ് നടത്തിയത്. സംഭവ സമയത്ത് നന്ദൻ ധരിച്ചിരുന്ന ടീഷർട്ട് കുളത്തിന് സമീപത്ത് നിന്ന് രക്തം പുരണ്ട നിലയിൽ പൊലീസ് കണ്ടെടുത്തു. കുളത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ രക്തതുള്ളികൾ പരിശോധനയ്ക്കായ് ശേഖരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തൃശൂർ കുന്നംകുളം ചിറ്റിലങ്ങാട് സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയത്. നാല് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ചിറ്റിലങ്ങാട്ടെ സി.പി.എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് സനൂപും മറ്റ് മൂന്ന് സി.പി.എം പ്രവർത്തകരും സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് പ്രതികള്‍ സനൂപിനെ കുത്തികൊന്നത്.
Post Your Comments