മലയാളികളുടെ അഹങ്കാരമെന്ന് കരുതപ്പെടുന്ന പ്രിയ ബാബുക്ക ഓര്‍മയായിട്ട് ഇന്ന് നാല്‍പത്തിരണ്ടു വര്‍ഷം. ഒരു ഹാര്‍മോണിയപ്പെട്ടിയുടെ ശ്രുതിയ്‌ക്കൊപ്പം സഞ്ചരിച്ച ജീവിതം. ഹാര്‍മോണിയത്തിലെ കറുപ്പും വെളുപ്പും കട്ടകളിലൂടെ ഒരു തലമുറയെ ഒന്നാകെ സംഗീത ലഹരിയില്‍ ലയിപ്പിച്ച സംഗീതജ്ഞന്‍ അതായിരുന്നു എം.എസ്.ബാബുരാജ്. മലയാളികളുടെ പ്രിയ എം.എസ്.ബാബുരാജ് ഓര്‍മയായിട്ട് ഇന്ന് നാല്‍പത്തിരണ്ടു വര്‍ഷങ്ങള്‍ പിന്നിടുന്നു. പതിറ്റാണ്ടുകള്‍ കടന്നു പോയാലും നൂറ്റാണ്ടുകളോളം ഓര്‍മിക്കാനുള്ള പാട്ടുകാലം സമ്മാനിച്ച ബാബുക്കയ്ക്ക് പാട്ടു പ്രേമികളുടെ മനസ്സില്‍ മരണമില്ല. ബാബുരാജെന്ന കലാകാരന്റെ സംഗീതത്തിന് മുന്നിൽ പകരം വെയ്ക്കാൻ മറ്റൊരു സംഗീതജൻ മലയാള ഗാന ശാഖയിൽ ഇല്ല. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെയും ശൈലി മലയാള ഗാന ശാഖയ്ക്ക് പകര്‍ന്നു തന്നത് മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന മലയാളികളുടെ സ്വന്തം ബാബുക്കയായിരുന്നു. ഏറെ കഷ്ടതകള്‍ നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്‍റെത്. ബാബുരാജിന്റെ സംഗീത ജീവിതത്തില്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു നിന്ന സുഹൃത്തുക്കളായിരുന്നു പി.ഭാസ്‌കരനും നമ്മുടെ പ്രിയപ്പെട്ട ദാസേട്ടനും.
ബാബുരാജ് എന്ന സംഗീതജ്ഞന്റെ പാട്ടുകൾ കേൾക്കാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. അതുല്യ പ്രതിഭയുടെ പാട്ടുകൾ കുട്ടികൾ പോലും മൂളുന്നുണ്ട്. നിരവധി നാടകങ്ങളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച അദ്ദേഹം പി ഭാസ്കരന്‍റെ തിരമാല എന്ന ചിത്രത്തില്‍ സംഗീത സംവിധായകന്‍റെ സഹായിയായിട്ടാണ് സിനിമാരംഗത്ത് എത്തിയത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി ബാബു രാജ് മാറി. രണ്ടു പതിറ്റാണ്ടു കാലത്തിനുള്ളില്‍ മലയാള സിനിമാ സംഗീത ലോകത്ത് മികച്ച സംഭാവനകള്‍ കാഴ്ച്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. താമസമെന്തേ വരുവാന്‍ , വാസന്ത പഞ്ചമി നാളില്‍ , സൂര്യകാന്തി സൂര്യകാന്തി , കദളിവാഴ കൈയ്യിലിരുന്ന് തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ മികച്ച ഗാനങ്ങള്‍.
ബാബുരാജെന്ന കലാകാരന്റെ ശക്തി സുഹൃദ്ബന്ധങ്ങളായിരുന്നു . ഓരോരുത്തരേയും തന്നാലാവും വിധം അദ്ദേഹം സഹായിച്ചു. അത്തരത്തില്‍ നല്ലൊരു മനുഷ്യ സ്നേഹി കൂടിയായിരുന്നു അദ്ദേഹം. ഓരോ ഗാനത്തിലും ദൈവത്തിന്റെ കയ്യൊപ്പു പതിപ്പിച്ച സംഗീത സംവിധായകന്‍ എന്ന് തന്നെയാണ് ബാബുക്കയെ വിളിക്കേണ്ടത്. കോഴിക്കോടിനെ തെരുവുകളില്‍ ഇന്നും ഒരുപക്ഷേ ബാബുക്കയുടെ ആ പഴയ വിശപ്പിന്റെ ഹിന്ദുസ്ഥാനി രാഗങ്ങള്‍ ആരുമറിയാതെ മുഴങ്ങുന്നുണ്ടാകണം, കേള്‍ക്കേണ്ടവര്‍ മാത്രം അത് കേള്‍ക്കും. അണയാത്ത നാളം പോലെ അദ്ദേഹത്തിന്‍റെ നാദം ഇന്നും തലമുറകളായി കൈമാറുന്നു…
Post Your Comments