
ഷാജഹാൻപുർ : ഹത്രാസ് സംഭവത്തിന് പിന്നാലെ ഉത്തർപ്രദേശിൽ ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിതാവും സഹോദരനും ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു. ദുരഭിമാന കൊലപാതകമാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലാണ് ഈ സംഭവം നടന്നത്.
സ്വന്തം പിതാവും സഹോദരനും ചേർന്നാണ് കൗമാരക്കാരിയെ കൊലപ്പെടുത്തിയത്. കൊന്നിട്ടും സഹോദരന്റെയും പിതാവിന്റെയും ദേഷ്യം അടങ്ങിയില്ല. കുടുംബത്തെ സമൂഹത്തിനു മുന്നിൽ നാണം കെടുത്തിയതിന് പെൺകുട്ടിയുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തു. സെപ്റ്റംബർ 23 മുതൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ചയാണ് കണ്ടെത്തിയത്. അതേസമയം, പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് കുടുംബം ഇതുവരെ പരാതിയൊന്നും നൽകിയിട്ടില്ല.
പെൺകുട്ടിയെ ആദ്യം മർദ്ദിക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നീട് മൃതദേഹത്തിൽ നിന്ന് തല വേർപെടുത്തുകയും അതിനുശേഷം മൃതദേഹം നദിക്കരയിൽ അടക്കം ചെയ്യുകയും ആയിരുന്നു. അതേസമയം, പെൺകുട്ടിയെ കൊന്നത് തങ്ങളാണെന്ന് അച്ഛൻ സമ്മതിച്ചതായി ഉത്തർ പ്രദേശ് പൊലീസ് പറഞ്ഞു. എന്നാൽ, പെൺകുട്ടിയുടെ സഹോദരൻ ഒളിവിലാണ്.
“പ്രായപൂർത്തിയാകാത്ത മകൾ ഗർഭിണി ആയതിനാലാണ് കൊന്നതെന്ന് പിതാവ് സമ്മതിച്ചിട്ടുണ്ട്. മകൾ ഗർഭിണി ആയതിനെ തുടർന്ന് ആളുകൾ ഇയാളെ പരസ്യമായി അപമാനിക്കാൻ തുടങ്ങിയിരുന്നു. പെൺകുട്ടിയുടെ സഹോദരനും കൊലപാതകത്തിൽ പങ്കാളിയാണ്. ഐപിസി സെക്ഷൻ 302 , 201 (എന്നിവ രണ്ടുപേർക്കെതിരെയും ചുമത്തിയിട്ടുണ്ട്’ – ഷാജഹാൻപുർ സീനിയർ പൊലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു.
Post Your Comments