നെന്മാറ: കുടുംബശ്രീ വായ്പ തട്ടിപ്പു കേസിൽ പഞ്ചായത്ത് കുടുംബശ്രീ ചെയർപഴ്സനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ രണ്ടാം പ്രതിയായ പേഴുംപാറയിൽ റീന സുബ്രഹ്മണ്യനാണ് (38) മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അറസ്റ്റിലായത്. സംഭവത്തില്‍ മുഖ്യപ്രതി സി.പി.എം. മാട്ടുപ്പാറ മുന്‍ ബ്രാഞ്ച് സെക്രട്ടറി വി.അനില്‍കുമാര്‍, സുഹൃത്ത് ചേരുംകാട് കുമാര്‍ എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
കനറാ ബാങ്ക് നെന്മാറ ശാഖയില്‍ നിന്നും അനുവദിച്ച കുടുംബശ്രീ വായ്പ പൂര്‍ണ്ണമായി നല്‍കാതെ ചെയർപേഴ്സൺ വഞ്ചിച്ചുവെന്ന് കാണിച്ച് വക്കാവിലെ 20 കുടുംബശ്രീ യൂണിറ്റുകൾ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. വാഴകൃഷി നടത്തുന്നതിനായി 20 യൂണിറ്റുകള്‍ക്കായി 83 ലക്ഷം രൂപയാണ് വായ്പയായി നല്‍കിയിരുന്നത്. ഇതിൽ 68 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
നാലാള് ഉള്‍പ്പെട്ട 17 ഗ്രൂപ്പുകള്‍ക്ക് നാലു ലക്ഷം രൂപയും, അഞ്ചാളുകള്‍ ഉള്‍പ്പെട്ട മൂന്ന് ഗ്രൂപ്പുകള്‍ക്ക് അഞ്ചു ലക്ഷം രൂപയും വായ്പ അനുവദിച്ചിരുന്നു. അനുവദിച്ച വായ്പ തുകയില്‍ മുഴുവന്‍ തുകയും നല്‍കാതെ ഓരോ യൂണിറ്റിനും ഓരോ ലക്ഷം രൂപ നല്‍കുകയും, ബാക്കി മൂന്നു ലക്ഷം രൂപ വീതം ഇവര്‍ തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. നെന്മാറ സി.ഐ. എ.ദീപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്.
പരാതിക്കാരായ കുടുംബശ്രീ അംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 12 കേസുകളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. കുടുംബശ്രീ വായ്പ നൽകാനായി ഒരിക്കൽ സമർപ്പിച്ച രേഖകൾ പരാതിക്കാർ അറിയാതെ വീണ്ടും ഉപയോഗിച്ചാണു വായ്പ എടുത്തിരിക്കുന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു.
Post Your Comments